ധാക്ക: ഞാൻ ഇന്ത്യയിൽ നിന്നു തിരിച്ചെത്തിയാൽ വിദ്യാർഥി പ്രക്ഷോഭത്തിൽ മരിച്ച പോലീസുകാർക്കു വേണ്ടി പ്രതികാരം ചെയ്യുമെന്ന് മുൻ ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. അതേസമയം ബംഗ്ലദേശ് ഇടക്കാല സർക്കാരിന്റെ തലവൻ മുഹമ്മദ് യൂനുസിനെ വെല്ലുവിളിക്കുകയും ചെയ്തു. ആഭ്യന്തര കലാപത്തിനിടെ രക്ഷതേടി ഇന്ത്യയിലേക്ക് എത്തിയ ഹസീന സൂം മീറ്റിങ്ങിൽ സംസാരിക്കുമ്പോഴാണ് യൂനുസിനെ വിമർശിച്ചത്.
ക്രിമിനലുകളുടെ തലവൻ എന്നർഥമുള്ള ‘മോബ്സ്റ്റർ’ എന്ന പദമാണ് യൂനുസിനെ വിശേഷിപ്പിക്കാൻ ഹസീന ഉപയോഗിച്ചത്. യൂനുസ് രാജ്യത്ത് ഭീകരരെ അഴിച്ചുവിടുകയാണെന്നും അവർ ആരോപിച്ചു. രാജ്യത്ത് അധർമ്മം വളർത്തുന്നതിൽ യൂനുസ് പ്രധാന പങ്കാണ് വഹിക്കുന്നതെന്നും അവർ ആരോപിച്ചു.
കഴിഞ്ഞ വർഷം വിദ്യാർഥി പ്രക്ഷോഭത്തിനിടെയുണ്ടായ അക്രമത്തിൽ കൊല്ലപ്പെട്ട 4 പൊലീസ് ഉദ്യോഗസ്ഥരുടെ വിധവകളുമായിട്ടാണ് ഇന്ത്യയിലുള്ള ഷെയ്ഖ് ഹസീന തിങ്കളാഴ്ച സൂം മീറ്റിങ്ങിലൂടെ സംസാരിച്ചത്. 2024 ഓഗസ്റ്റ് 5നുണ്ടായ ദാരുണ സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തിയ ഹസീന, താൻ തിരിച്ചെത്തി പോലീസുകാരുടെ മരണത്തിനു പ്രതികാരം ചെയ്യുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. പോലീസുകാരുടെ കൊലപാതകങ്ങൾ തന്നെ അധികാരത്തിൽനിന്നു പുറത്താക്കാനുള്ള പദ്ധതികളുടെ ഭാഗമായിട്ടായിരുന്നു. പ്രക്ഷോഭത്തിൽ 450 ഓളം പോലീസ് സ്റ്റേഷനുകളാണ് ആക്രമിക്കപ്പെട്ടതെന്നും ഹസീന പറഞ്ഞു.
അതേസമയം ഹസീനയെ തിരികെ എത്തിക്കുമെന്നും ഇതിനു മുഖ്യപരിഗണന നൽകുമെന്നും ബംഗ്ലദേശിലെ ഇടക്കാല ഭരണകൂടം ആവർത്തിച്ചിട്ടുമുണ്ട്