അടൂർ: അയൽവീട്ടിലെ പൂവൻകോഴിയുടെ പുലർച്ചെയുള്ള കൂവൽ കാരണം ഉറങ്ങാൻ കഴിയുന്നില്ലെന്ന അയൽക്കാരന്റെ പരാതിയിൽ ഇടപെട്ട് ആർഡിഒ. പള്ളിക്കൽ കൊച്ചുതറയിൽ അനിൽ കുമാറിന്റെ വീടിന്റെ മുകൾനിലയിൽ സ്ഥാപിച്ചിരിക്കുന്ന കോഴിക്കൂട്ടിലെ പൂവൻകോഴിയുടെ കൂവൽ ശല്യമാണെന്ന് ചൂണ്ടിക്കാട്ടി അടൂർ പള്ളിക്കൽ വില്ലേജിൽ ആലുംമൂട് പ്രണവത്തിൽ രാധാകൃഷ്ണക്കുറുപ്പ് നൽകിയ പരാതിയാണ് അടൂർ ആർഡിഒ ബി രാധാകൃഷ്ണൻ നടപടിയെടുത്തത്.
രാധാകൃഷ്ണന്റെ ഉറക്കം തടസപ്പെടുത്തുന്ന കോഴിയുള്ള കൂട് അനിൽ കുമാറിന്റെ വീടിന്റെ കിഴക്കുഭാഗത്തേക്ക് മാറ്റാൻ ആർഡിഒ ഉത്തരവിട്ടു. ഉത്തരവ് കൈപ്പറ്റി 14 ദിവസത്തിനുള്ളിൽ നിർദേശം പാലിക്കണം. പുലർച്ചെ മൂന്നു മുതൽ അനിൽകുമാറിന്റെ കോഴി കൂവുകയാണെന്നും ഇത് സ്വൈര്യ ജീവിതത്തിന് തടസമാണെന്നുമാണ് രാധാകൃഷ്ണക്കുറുപ്പിന്റെ പരാതി പറയുന്നത്. തുടർന്ന് ആർഡിഒയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം സ്ഥലവും കോഴിക്കൂടും പരിശോധിച്ചു.
കെട്ടിടത്തിന്റെ മുകളിൽ വളർത്തുന്ന കോഴികളുടെ കൂവൽ പ്രായമായതും രോഗാവസ്ഥയിൽ കഴിയുന്നതുമായ പരാതിക്കാരന് രാത്രിയിൽ സ്വസ്ഥമായി ഉറങ്ങുന്നതിന് തടസം ഉണ്ടാക്കുന്നതായി അന്വേഷണ സംഘത്തിന് ബോധ്യപ്പെട്ടു. തുടർന്നാണ് അനുകൂലമായ വിധി നൽകിയത്.