ദിവസവും സ്ത്രീധനത്തിൻരെ പേരിലുള്ള കൊലപാതകങ്ങളും ആത്മഹത്യകളും പെരുകുന്നതിനിടയിൽ വ്യത്യസ്തനാവുകയാണ് രാജസ്ഥാനിലുള്ള പരംവീർ റാത്തോർ എന്ന യുവാവ്. തനിക്ക് സ്ത്രീധനമായി ലഭിച്ച 5,51000 രൂപയാണ് യാതൊരു മടിയുമില്ലാതെ പരംവീർ വധുവിന്റെ വീട്ടുകാർക്ക് തിരികെ നൽകിയത്.
കാരാലിയ സ്വദേശിയായ നികിത ഭാട്ടിയ എന്ന യുവതിയെ സിവിൽ സർവീസിനായി ഒരുങ്ങുന്ന പരംവീർ റാത്തോർ വിവാഹം കഴിച്ചത് കഴിഞ്ഞ ഫെബ്രുവരി 14നായിരുന്നു. കുതിരപ്പുറത്ത് വിവാഹവേദിയിലെത്തിയ പരംവീറിന് ഗംഭീരമായ സ്വീകരണമാണ് വധുവിന്റെ വീട്ടിൽ നിന്ന് ലഭിച്ചത്. കൊട്ടും പാട്ടും ആരവങ്ങളും നിറഞ്ഞ വിവാഹവേദിയിൽ നിന്നാണ് തുക നൽകിയത്. വലിയ തട്ടിൽ ചുവന്ന പട്ടുകൊണ്ട് മൂടിയാണ് സ്ത്രീധന തുക വധുവിന്‌റെ വീട്ടുകാർ പരംവീറിന് കൈമാറിയത്. ചടങ്ങു കഴിയുന്നതുവരെ തുക കയ്യിൽ പിടിച്ച യുവാവ് ചടങ്ങുകൾ പൂർത്തിയായ ഉടൻതന്നെ ഈ തട്ട് വധുവിന്റെ വീട്ടുകാർക്ക് തന്നെ തിരികെ നൽകുകയായിരുന്നു.
പരംവീർ തനിക്ക് വേണ്ടത് ജീവിതപങ്കാളിയെയാണെന്നു പറഞ്ഞ വരൻ ചടങ്ങുകൾക്ക് ഭംഗം വരുത്തേണ്ടെന്ന് കരുതിയാണ് പണത്തിന്റെ തട്ട് നിരസിക്കാതിരുന്നതെന്ന് പരംവീർ പറഞ്ഞു. ഈ പണത്തിന്റെ തട്ട് തന്നപ്പോൾ സമൂഹത്തിൽ ഇപ്പോഴും നിലനിൽക്കുന്ന സ്ത്രീധന സമ്പ്രദായത്തെ കുറിച്ച് ഓർത്ത് ദുഃഖം തോന്നിയെന്നും പരംവീർ പറയുന്നു. എന്നെ പോലെ വിദ്യാഭ്യാസമുള്ളവർ ഇത്തരം രീതികളിൽ നിന്ന് മാറിയില്ലെങ്കിൽ അത് മോശമാണ്. ഇത്തരം ഹീന പ്രവർത്തികളിൽ നിന്ന് വഴിമാറി ചിന്തിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്ത്വമാണ്. എന്റെ കുടുംബം തീരുമാനത്തെ പിന്തുണച്ചതിൽ താൻ സന്തുഷ്ടനാണെന്നു പരംവീർ കൂട്ടിച്ചേർത്തു.