തൃശൂർ: രണ്ടു ദിനരാത്രങ്ങൾ പൊലീസിനെ വെള്ളംകുടിപ്പിച്ച ശേഷമാണ് പോട്ട ഫെഡറൽ ബാങ്ക് കവർച്ച കേസിലെ പ്രതി റിജോ ആന്റണി പിടിയിലാകുന്നത്. മോഷണ ശേഷം റിജോ കടന്നുപോയ ഭാഗങ്ങളിലൊന്നും സിസിടിവി ക്യാമറകളിൽ സ്കൂട്ടറിന്റെ നമ്പർ വ്യക്തമല്ലാത്തതു പൊലീസിനു തലവേദന ആയിരുന്നു. വ്യാപാര സ്ഥാപനങ്ങളുടെയും പെട്രോൾ പമ്പിന്റെയും മുന്നിലുള്ള ക്യാമറയിലടക്കം സ്കൂട്ടർ കടന്നുപോകുന്നതു വ്യക്തമാണെങ്കിലും നമ്പർ പ്ലേറ്റിലെ നമ്പർ കൃത്യമായി കാണാൻ കഴിഞ്ഞിരുന്നില്ല. സംഭവ സമയത്ത് പ്രദേശത്ത് വൈദ്യുതി ബന്ധം നിലച്ചതും സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാൻ പൊലീസിനു വെല്ലുവിളിയായി.
കൊരട്ടിയിൽ ദേശീയപാതയിൽ സ്ഥാപിച്ചിട്ടുള്ള നിരീക്ഷണ ക്യാമറ വാഹനങ്ങളുടെ നമ്പർപ്ലേറ്റ് കൃത്യമായി തിരിച്ചറിയാൻ പാകത്തിനു വ്യക്തത ഉള്ളതാണെങ്കിലും ഇതുവഴി സ്കൂട്ടർ കടന്നുപോയില്ല. കവർച്ചയ്ക്കു ശേഷം ദേശീയപാതയിലും സംസ്ഥാനപാതയിലുമുള്ള നിരീക്ഷണ ക്യാമറകൾ ഒഴിവാക്കിയാണു റിജോ രക്ഷപ്പെട്ടത്. അങ്കമാലിയിലടക്കം പല സ്ഥലങ്ങളിൽ ഇതേ സ്കൂട്ടർ കണ്ടുവെന്നു വിവരം ലഭിച്ചിരുന്നെങ്കിലും വിശദ പരിശോധനയിൽ ഫലമുണ്ടായില്ല. ബാങ്ക് കവർച്ച മാത്രമല്ല, രക്ഷപ്പെടാനുള്ള മാർഗവും റിജോ വ്യക്തമായി ആസൂത്രണം ചെയ്തിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു.
കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിനു സമാനമായിരിക്കും ഈ കേസുമെന്ന് പോലീസ് ആദ്യംതന്നെ വിലയിരുത്തിയിരുന്നു. കടബാധ്യത തീര്‍ക്കാനായിക്കാം പ്രതി മോഷണം നടത്തിയത് എന്ന നിഗമനത്തിലും പോലീസ് എത്തി. ബാങ്കില്‍ കൂടുതല്‍ പണം ഉണ്ടായിരുന്നെങ്കിലും ഇയാള്‍ 15 ലക്ഷം മാത്രമാണ് എടുത്തത്. സ്ഥിരം ക്രിമിനലാണെങ്കില്‍ ആ പണം മുഴുവന്‍ എടുക്കുമായിരുന്നു എന്നും പൊലീസ് ഉറപ്പിച്ചു. സാമ്പത്തിക ബാധ്യത ഇല്ലാതാക്കാനായി ശ്രമിച്ച ആരോ ആണ് കൃത്യത്തിന് പിന്നിലുള്ളതെന്നും പൊലീസ് നേരത്തെ ഉറപ്പിച്ചു. പ്രതി ബാങ്കിന്റെ പരിസരപ്രദശത്ത് തന്നെയുള്ള വ്യക്തിയായിരിക്കാമെന്നും പൊലീസ് കണക്കുകൂട്ടി.
റിജോയ്ക്ക് രക്ഷപ്പെടാൻ മറ്റാരുടെയെങ്കിലും സഹായം ലഭിച്ചോയെന്നും ചോദ്യം ചെയ്യലിൽ പൊലീസ് തിരയും. കവർച്ചയ്ക്കു മുൻപ് ആസൂത്രണത്തിന്റെ ഭാഗമായി പ്രതി ബാങ്കിൽ എത്തിയിരിക്കാമെന്ന സൂചനയുടെ അടിസ്ഥാനത്തിൽ ബാങ്കിലെ സിസിടിവിയിൽ കഴിഞ്ഞ രണ്ടാഴ്ച പതിഞ്ഞ ദൃശ്യങ്ങൾ പൊലീസ് വിശദമായി പരിശോധിച്ചിരുന്നു. കാഷ് കൗണ്ടർ തകർക്കുന്നതിനു മുൻപു റിജോ ജീവനക്കാരെയെല്ലാം ഭക്ഷണ മുറിയിലാക്കി ഒരു കസേരയെടുത്തു വിലങ്ങനെ വച്ചു വാതിൽ തുറക്കാൻ കഴിയാത്തവിധം ബന്ധിച്ചിരുന്നു.
തിരക്കഥയുടെ അടിസ്ഥാനത്തിലെന്ന പോലെ 3 മിനിറ്റിൽ കവർച്ച പൂർത്തിയാക്കി മടങ്ങുകയും ചെയ്തു. ഇവയെല്ലാം കൃത്യമായ ആസൂത്രണത്തിന്റെ ഭാഗമാണെന്നു പൊലീസ് വിലയിരുത്തുന്നു. റിജോയെ ചോദ്യം ചെയ്യുന്നതിലൂടെ ആസൂത്രണം അടക്കമുള്ള കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുമെന്നാണ് പൊലീസ് നിഗമനം.
Thrissur Bank Theft: Police investigation highlighted his meticulous planning and skillful evasion, utilizing poor CCTV clarity to his advantage.
Theft Robbery Kerala News Latest News Crime News