പാലാ: കുടുംബ വഴക്കിനെത്തുടർന്ന് യുവാവ് ഭാര്യാമാതാവിനെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊന്നു. പൊള്ളലേറ്റ മരുമകനും മരിച്ചു. അന്ത്യാളം പരവൻപറമ്പിൽ സോമൻറെ ഭാര്യ നിർമല (58), മരുമകൻ കരിങ്കുന്നം സ്വദേശി മനോജ് (42) എന്നിവരാണ് മരിച്ചത്.
ചൊവ്വാഴ്ച രാത്രി ഏഴരയോടെ അന്ത്യാളത്താണ് സംഭവം. കുടുംബ വഴക്കാണ് സംഭവത്തിനു പിന്നിലെന്നാണ് പോലീസ് പറയുന്നത്. ആറു വയസുകാരൻ മകനുമായി ഭാര്യാവീട്ടിലെത്തിയ മനോജ് ഭാര്യാ മാതാവിൻറെയും സ്വന്തം ദേഹത്തും കൈയിൽ കരുതിയിരുന്ന പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് പാലാ അഗ്നിരക്ഷാ സേനയെയും പോലീസിനെയും വിവരം അറിയിച്ചു.
വിവരമറിഞ്ഞെത്തിയ അഗ്നിരക്ഷാ സംഘം സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ ഇരുവരെയും ആദ്യം പാലാ ജനറൽ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചത്. എന്നാൽ ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. ഇരുവർക്കും 60 ശതമാനത്തിൽ അധികം പൊള്ളലേറ്റിരുന്നു.
മനോജിനെതിരേ വീട്ടുകാർ മുമ്പ് പോലീസിൽ പരാതി നൽകിയിരുന്നു. ഇയാളുടെ ഭാര്യ ജോലിക്ക് പോകുന്നത് സംബന്ധിച്ച് തർക്കവും വഴക്കും ഉണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. സംഭവ സമയത്ത് നിർമലയുടെ ഭർത്താവായ സോമൻ പുറത്തു പോയതായിരുന്നു. നിർമലയെ കൂടാതെ വല്യമ്മയും വീട്ടിലുണ്ടായിരുന്നു.