കോട്ടയം: ഏറ്റുമാനൂരിൽ കൊല്ലപ്പെട്ട പോലീസുകാരന് പ്രതിയിൽ നിന്ന് നേരിടേണ്ടി വന്നത് ക്രൂരമായ മർദനമേറ്റെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. നെഞ്ചിലേറ്റ ഗുരുതര പരുക്കാണ് മരണകാരണമായതെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. മർദനത്തിൽ പോലീസുകാരന്റെ വാരിയെല്ലുകൾ ഒടിഞ്ഞു. നെഞ്ചിൽ ഗുരുതരമായി പരുക്കേറ്റു. ശ്വാസകോശത്തിൽ ക്ഷതവും ആന്തരിക രക്തസ്രാവവും സംഭവിച്ചതായും പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ട്.
കോട്ടയം വെസ്റ്റ് പോലീസ് സ്‌റ്റേഷനിലെ ഡ്രൈവറായ മാഞ്ഞൂർ ചിറയിൽവീട്ടിൽ ശ്യാംപ്രസാദ്(44) ആണ് തിങ്കളാഴ്ച പുലർച്ചെ കൊല്ലപ്പെട്ടത്. സംഭവത്തിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ജിബിൻ ജോർജി(27)നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഏറ്റൂമാനൂർ തെള്ളകത്തെ തട്ടുകടയിലുണ്ടായ സംഘർഷത്തിനിടെയാണ് പോലീസുകാരനായ ശ്യാമിനെ ജിബിൻ കൊലപ്പെടുത്തിയത്. തട്ടുകടയിലെത്തിയ ജിബിൻ ഇവിടെവച്ച് അക്രമാസക്തനായി. ഈ സമയത്താണ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ശ്യാംപ്രസാദ് കടയിലെത്തിയത്. ശ്യാമിനെ കണ്ടതോടെ വന്നത് പോലീസ് ആണെന്നും പ്രശ്‌നമുണ്ടാക്കിയാൽ അകത്തു കിടക്കുമെന്നും കടയുടമ ജിബിനോട് പറഞ്ഞു.
ഇതുകേട്ടതോടെ പ്രകോപിതനായ ജിബിൻ ശ്യാംപ്രസാദിനെ ആക്രമിക്കുകയായിരുന്നു. നിലത്തുവീണ ശ്യാമിന്റെ നെഞ്ചിൽ ചവിട്ടി പരുക്കേൽപ്പിക്കുകയും ചെയ്തു. തുടർന്ന് പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് സംഘമെത്തി ശ്യാമിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഓടിരക്ഷപ്പെടാൻ ശ്രമിച്ച ജിബിനെ പോലീസ് സംഘം ഓടിച്ചിട്ട് പിടികൂടി അറസ്റ്റ് ചെയ്യുകയും ചെയ്തു.