തിരുവനന്തപുരം: സുരേഷ് ഗോപിയുടെ പരാമർശം യാദൃശ്ചികമല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി. നരേന്ദ്ര മോദിയുടെ പാത പിന്തുടരുകയാണ്. പാർലമെന്റ് ഉദ്ഘാടനത്തിൽ നിന്നും ദ്രൗപദി മുർമുവിനെ ഒഴിവാക്കിയവരാണ് ബിജെപി. പരാമർശം പിൻവലിച്ചാൽ പോരാ, മാപ്പിരക്കണം സുരേഷ് ഗോപി. ബിജെപി ആശയത്തിന് ആദിവാസികളോട് വെറുപ്പാണ്.
ചതുർവർണ്യത്തിന്റെ കുഴലൂത്തുകാരനായ സുരേഷ് ഗോപിയെയും ഫെഡറൽ തത്വങ്ങളെ വിസ്മരിച്ച് കേരളത്തെ അവഹേളിക്കുന്ന ജോർജ് കുര്യനെയും കേന്ദ്രമന്ത്രിസ്ഥാനത്തുനിന്നും നീക്കം ചെയ്യണമെന്ന് ബിനോയ് വിശ്വം ആവശ്യപ്പെട്ടു.
ആർഎസ്എസ് നയിക്കുന്ന ബിജെപി ഭരണത്തിൽ ഇന്ത്യൻ ഭരണഘടന നേരിടുന്ന പ്രതിസന്ധിയുടെ ജീവിക്കുന്ന ദൃഷ്ടാന്തങ്ങളാണ് ഈ രണ്ടു മന്ത്രിമാരും. ഭരണഘടനയുടെ കസ്റ്റോഡിയനായ രാഷ്ട്രപതി ഇക്കാര്യം ഗൗരവപൂർവം കാണണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി അഭ്യർത്ഥിച്ചു.
ആദിവാസി വിരുദ്ധവും കേരളവിരുദ്ധവുമായ പ്രസ്താവനകൾ ചെയ്യുന്ന ഈ മന്ത്രിമാരുടെ നടപടികളെ കുറിച്ച് കേരളത്തിലെ ബിജെപിയുടെ പ്രതികരണം അറിയാൻ കേരള ജനതയ്ക്ക് അവകാശമുണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു.
കേരളത്തെ മറന്ന കേന്ദ്രം ബജറ്റിനെതിരെയും ഭരണഘടനയെ അവഹേളിക്കുന്ന മന്ത്രിമാർക്കെതിരെയും പ്രാദേശിക തലങ്ങളിൽ ഫെബ്രുവരി 3 തിങ്കളാഴ്ച പ്രതിഷേധം സംഘടിപ്പിക്കണമെന്ന് ബിനോയ് വിശ്വം പാർട്ടി ഘടകങ്ങളെ ആഹ്വാനം ചെയ്തു.
Binoy Viswam Against Suresh gopi Controversy binoy viswam bjp suresh gopi