ന്യൂഡൽഹി: 2025-26 വർഷത്തെ പൊതുബജറ്റ് ശനിയാഴ്ച രാവിലെ 11ന് ലോക്‌സഭയിൽ ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കും. മൂന്നാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണബജറ്റും നിർമലാ സീതാരാമന്റെ എട്ടാമത്തെ ബജറ്റുമാണിത്. മധ്യവർഗം ഏറെ പ്രതീക്ഷയോടെയാണ് ഇന്നത്തെ ബജറ്റിനെ നോക്കിക്കാണുന്നത്.
കാർഷികം, വ്യാവസായികം, തൊഴിൽ, ആരോഗ്യം, നികുതി, കായികം തുടങ്ങി എല്ലാ മേഖലയിലും സുപ്രധാന പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് കരുതുന്നത്. കഴിഞ്ഞ ദിവസത്തെ രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും പ്രസംഗങ്ങളിൽ ഇതിനുള്ള സൂചനകളുണ്ടായിരുന്നു. എട്ടോളം തവണയാണ് രാഷ്ട്രപതി പ്രസംഗത്തിൽ മിഡിൽ ക്ലാസ് എന്ന വാക്ക് ഉപയോഗിച്ചത്. ഈ പ്രയോഗം ഏറെ പ്രതീക്ഷയ്ക്ക് വക നൽകുന്നതാണ്.
ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് ഫെബ്രുവരി അഞ്ചിന് നടക്കാനുണ്ടെന്നുള്ളതും സാധാരണക്കാർക്ക് ആശ്വാസം പകരുന്ന പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടാവാനുള്ള സാധ്യത വർധിപ്പിക്കുന്നു. നികുതിയിളവുകളാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. നിലവിലെ ആദായ നികുതി സ്ലാബുകളിൽ മാറ്റമുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നു.
കേന്ദ്ര ബജറ്റിൽ ഏറെ പ്രതീക്ഷയോടെയാണ് കേരളവും ഉറ്റുനോക്കുന്നത്. വയനാട് പുനരധിവാസത്തിനും വിഴിഞ്ഞം തുറമുഖത്തിനും പ്രത്യേക പാക്കേജ് വേണമെന്നാണ് കേരളത്തിന്റെ ആവശ്യം. ഇത്തവണത്തെ ബജറ്റിൽ കേരളത്തിനായി ഒരു കരുതലുണ്ടാകുമെന്നാണ് ഏവരുടേയും പ്രതീക്ഷ.
അറിയാം നിങ്ങളുടെ ഇന്ന്… സാമ്പത്തികമായി മെച്ചമുണ്ടാകുമോ? തൊഴിൽപരമായി അഭിവൃത്തിയുണ്ടാകുമോ?