ടെൽ അവീവ്: പതിനഞ്ചുമാസത്തെ രക്തച്ചൊരിച്ചിലിനും അശാന്തിക്കുമൊടുവിൽ ഗാസയിൽ ഇനി സമാധാനത്തിന്റെ നാളുകൾ. മൂന്നു മണിക്കൂർ വൈകിയെങ്കിലും വെടിനിർത്തൽ കരാർ നിലവിൽ വന്നു. ഞായറാഴ്ച മോചിപ്പിക്കപ്പെടുന്ന ബന്ദികളുടെ പട്ടിക ഹമാസ് പുറത്തുവിട്ടതോടെയാണ് കരാർ പ്രാബല്യത്തിൽ വന്നത്.
പ്രാദേശികസമയം രാവിലെ 8.30-ന് (ഇന്ത്യൻ സമയം ഉച്ചയോടെ) വെടിനിർത്തൽ നിലവിൽവരുമെന്ന് സമാധാനചർച്ചകളിലെ പ്രധാനമധ്യസ്ഥരായ ഖത്തറിന്റെ വിദേശകാര്യമന്ത്രി മജീദ് അൽ അൻസാരി നേരത്തെ അറിയിച്ചിരുന്നുവെങ്കിലും ആദ്യഘട്ടത്തിൽ മോചിപ്പിക്കപ്പെടുന്ന ബന്ദികളുടെ പട്ടിക ഹമാസ് പുറത്തുവിടുന്നതുവരെ വെടിനിർത്തൽ ആരംഭിക്കില്ലെന്ന് ഇസ്രയേൽ നിലപാട് എടുക്കുകയായിരുന്നു.
കരാറിന്റെ ഭാഗമായി ആദ്യഘട്ട വെടിനിർത്തലിനിടെ 33 ബന്ദികളെ ഹമാസ് ഘട്ടം ഘട്ടമായി മോചിപ്പിക്കും. ഇതിൽ മൂന്നുപേരെയാണ് ഞായറാഴ്ച വിട്ടയയ്ക്കുന്നത്. ഇവർ 30 വയസിൽതാഴെയുള്ള ഇസ്രയേലിന്റെ വനിതാ സൈനികരാണെന്നാണ് സൂചന. അതേസമയം ആദ്യഘട്ടത്തിൽ മോചിപ്പിക്കുന്ന 737 പലസ്തീൻ തടവുകാരുടെ വിശദാംശങ്ങൾ ഇസ്രയേൽ നീതിന്യായവകുപ്പ് പുറത്തുവിട്ടിട്ടുണ്ട്. ആദ്യസംഘത്തിൽ 95 പേരുണ്ടാകും.
അതോടൊപ്പം ജനവാസമേഖലകളിൽനിന്നുള്ള സൈന്യത്തിന്റെ പിന്മാറ്റവും ആദ്യഘട്ടത്തിലുണ്ടാകും. ആദ്യഘട്ടവെടിനിർത്തലിന്റെ 16-ാം ദിനം രണ്ടും മൂന്നും ഘട്ടങ്ങൾ എങ്ങനെയാകണമെന്നതിനെക്കുറിച്ച് ചർച്ചതുടങ്ങും. ഖത്തർ, യുഎസ്, ഈജിപ്ത് എന്നീ മധ്യസ്ഥരാജ്യങ്ങളുടെ ശ്രമഫലമായുണ്ടായ വെടിനിർത്തൽക്കരാർ വെള്ളിയാഴ്ച വൈകിയാണ് ഇസ്രയേൽ മന്ത്രിസഭ അംഗീകരിച്ചത്.
കരാറിലെ വ്യവസ്ഥകൾ പാലിക്കുന്നതിൽ ഹമാസ് പരാജയപ്പെട്ടു, ആദ്യഘട്ടത്തിൽ മോചിപ്പിക്കുന്ന 33 ബന്ദികളുടെ പട്ടിക നൽകിയില്ല, കരാർ വ്യവസ്ഥകൾ നടപ്പാകും വരെ ഗാസയിലെ സൈനിക നടപടികൾ തുടരും: ഐഡിഎഫ്