മുംബൈ: സെയ്ഫ് അലി ഖാനെ ആക്രമിച്ചയാൾക്ക് നടൻ്റെ വീട്ടിലെ ജോലിക്കാരി വാതിൽ തുറന്നു കൊടുത്തെന്നു പൊലീസ്. ഏഴംഗ പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്. ‘‘വീട്ടുജോലിക്കാരിയെ കാണാനെത്തിയ അക്രമിക്ക് അവരാണ് വാതിൽ തുറന്നുകൊടുത്തത്. പിന്നാലെ ഇരുവരും തമ്മിൽ വീട്ടിൽ വച്ച് വാക്കുതർക്കമുണ്ടായി. ഇതിനിടെ ജോലിക്കാരിയെ അക്രമി ഉപദ്രവിക്കാൻ ശ്രമിച്ചു. ഇതിനിടയിലേക്കാണ് സെയ്ഫ് അലി ഖാൻ എത്തിയത്. വീടിനുള്ളിൽ അപരിചിതചനെ കണ്ട സെയ്ഫ് ഇയാളെ ചോദ്യം ചെയ്യുകയും അത് സംഘർഷത്തിലെത്തുകയും നടന് കുത്തേൽക്കുകയും ചെയ്തു.’’– പൊലീസ് പറഞ്ഞു.
സെയ്ഫ് ആക്രമിക്കപ്പെടുന്നതിനു 2 മണിക്കൂർ മുൻപാണ് അക്രമി വീട്ടിൽ പ്രവേശിച്ചതെന്നാണ് നിഗമനം. സംഭവത്തിനു തൊട്ടു മുൻപുള്ള സിസിടിവി ദൃശ്യങ്ങളിലൊന്നും ഇയാളില്ല. വീട്ടിലേക്ക് ആരും കയറുന്നത് കണ്ടിട്ടില്ലെന്നാണ് അപ്പാർട്ട്മെന്റിന്റെ സുരക്ഷാജീവനക്കാർ പൊലീസിനു നൽകിയ മൊഴി.
സെയ്ഫ് അലി ഖാന്റെ ഫ്ലാറ്റിലേക്ക് രഹസ്യ വഴിയുണ്ടെന്നും ഇത് എത്തുന്നത് നടന്റെ മുറിയിലേക്കാണെന്നും അതു വഴിയാകാം അക്രമി അകത്തേക്കു പ്രവേശിച്ചതെന്നുമാണ് പൊലീസിന്റെ നിഗമനം. നടന്റെ ഫ്ലാറ്റ് ഉൾപ്പെടുന്ന അപ്പാർട്മെന്റ് സമുച്ചയത്തിൽ അറ്റകുറ്റപ്പണികൾ നടക്കുന്നുണ്ട്. ഇവിടെ ജോലിക്കെത്തിയവരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി.
സംഭവത്തിനു പിന്നാലെ, മഹാരാഷ്ട്രയിലെ ക്രമസമാധാനത്തകർച്ച ചോദ്യം ചെയ്ത് പ്രതിപക്ഷം രംഗത്തെത്തി. താരങ്ങൾ പോലും മഹാരാഷ്ട്രയിൽ സുരക്ഷിതരല്ലെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. മുംബൈയിലെ ക്രമസമാധാന നില തകരുന്നത് ലജ്ജാകരമാണെന്ന് ശിവസേന ഉദ്ധവ് വിഭാഗം എംപി പ്രിയങ്ക ചതുർവേദി പ്രതികരിച്ചു.
സംഭവ സമയത്ത് സെയ്ഫ് അലി ഖാന്റെ മക്കളായ തൈമൂർ, ജെഹ് എന്നിവരും വീട്ടിൽ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകള്‍. ഭാര്യ കരീന കപൂർ സഹോദരി കരിഷ്മ കപൂറിനും സുഹൃത്തുക്കൾക്കും ഒപ്പമായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ സെയ്ഫ് അലി ഖാനൊപ്പമായിരുന്നു കരീനയെന്നും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. യാതൊരു വിധത്തിലുള്ള ഊഹാപോഹങ്ങളും പ്രചരിപ്പിക്കരുതെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.
ബാന്ദ്രയിലെ ആഡംബരപൂർണമായ നാലു നില മാളികയിലാണ് സെയ്ഫ് അലി ഖാൻ താമസിക്കുന്നത്. ആധുനിക ഡിസൈനിലും രാജകീയ ശൈലിയിലുമാണ് വീട് നിർമിച്ചത്. വിശാലമായ ബാൽക്കണികളും വീടിനുണ്ട്.
2023 കണക്കുകൾ പ്രകാരം അദ്ദേഹത്തിന്റെ ആസ്തി ഏകദേശം 1,300 കോടിയാണ്. പ്രതിവർഷം 30 കോടി രൂപ അദ്ദേഹം സമ്പാദിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. ബെൻസ്, ഔഡി ക്യു 7, ജീപ്പ് വ്രാങ്ക്‌ലർ തുടങ്ങി ആഡംബര വാഹനങ്ങളുടെ ശേഖരവും അദ്ദേഹത്തിനുണ്ട്.
Saif Ali Khan Attack News: How Did Saif Ali Khan’s Attacker Enter Building? What Cops Suspect Saif Ali Khan
Mumbai News India News Attack Bollywood News