സോൾ: ദക്ഷിണ കൊറിയയിൽ ഇംപീച്ച് ചെയ്യപ്പെട്ട പ്രസിഡൻ്റ് യൂൻ സുക് യോൽ അറസ്റ്റിൽ. കഴിഞ്ഞ മാസം രാജ്യത്ത് പട്ടാളനിയമം നടപ്പാക്കാൻ ശ്രമിച്ചതിനാണ് അഴിമതിവിരുദ്ധ സംഘത്തിൻ്റെ നേതൃത്വത്തിൽ യൂൻ സുക് യോലിനെ അറസ്റ്റ് ചെയ്തതെന്നു ബിബിസി റിപ്പോർട്ട് ചെയ്തു. ദക്ഷിണ കൊറിയയുടെ ചരിത്രത്തിൽ അറസ്റ്റ് ചെയ്യപ്പെട്ട ആദ്യത്തെ പ്രസിഡൻ്റാണ് യൂൻ സുക് യോൽ.
ആയിരത്തോളം അഴിമതിവിരുദ്ധ ഉദ്യോഗസ്ഥരും പൊലീസുകാരും എത്തിയാണ് യൂനിനെ അറസ്റ്റ് ചെയ്തതെന്നാണ് വിവരം. വസതിക്കു മുന്നിൽ ബാരിക്കേഡുകൾ സ്ഥാപിച്ച് ഉദ്യോഗസ്ഥരെ യൂനിൻ്റെ സുരക്ഷാ ജീവനക്കാർ തടഞ്ഞെങ്കിലും ബലപ്രയോഗത്തിലൂടെ അകത്തു കടക്കുകയായിരുന്നു. ജനുവരി 3ന് യൂനിനെ അറസ്റ്റ് ചെയ്യാൻ ശ്രമമുണ്ടായെങ്കിലും വിജയിച്ചില്ല. അന്ന് അറസ്റ്റ് ചെയ്യാനെത്തിയ അഴിമതി അന്വേഷണ ഓഫിസ് ഉദ്യോഗസ്ഥരെ പ്രസിഡൻ്റിൻ്റെ അംഗരക്ഷകരും പട്ടാളവും ചേർന്നു തടഞ്ഞു. പ്രസിഡൻ്റിൻ്റെ വസതിക്കു ചുറ്റും യൂനിൻ്റെ അനുയായികൾ തടിച്ചുകൂടിയതോടെ 6 മണിക്കൂറോളം നീണ്ട സംഘർഷത്തിനുശേഷം വാറന്റ് നടപ്പാക്കാനാകാതെ ഉദ്യോഗസ്ഥർ മടങ്ങിപ്പോയിരുന്നു.
യുഎസ് പ്രസിഡന്റായിരുന്ന ഡോണൾഡ് ട്രംപിന് അറസ്റ്റിൽനിന്നു ലഭിച്ച പരിരക്ഷ തനിക്കും ലഭിക്കണമെന്നു യൂൻ ആവശ്യപ്പെട്ടതാണ് അനുയായികൾ മുദ്രാവാക്യം വിളിച്ചത്. പട്ടാളനിയമം നടപ്പാക്കാൻ ശ്രമിച്ചത് അട്ടിമറി ശ്രമമാണെന്നു വിലയിരുത്തിയ ഡിസ്ട്രിക്ട് കോടതിയാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. കഴിഞ്ഞ മാസം മൂന്നിനു യൂൻ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പട്ടാളനിയമം നടപ്പാക്കാൻ ശ്രമിച്ചിരുന്നു. കടുത്ത എതിർപ്പിനെത്തുടർന്ന് 6 മണിക്കൂറിനുള്ളിൽ പിൻവലിച്ചു. പട്ടാളനിയമം നടപ്പാക്കാൻ ശ്രമിച്ചതിനു പ്രതിപക്ഷം കൊണ്ടുവന്ന ഇംപീച്ച്മെന്റ് പ്രമേയം 14ന് പാർലമെന്റ് പാസാക്കി.
Yoon Suk Yeol The impeached president was apprehended for allegedly attempting to impose martial law. World news South Korea President Latest International news