തിരുവനന്തപുരം: തനിക്കെതിരെ അധിക്ഷേപം നടത്തിയെന്ന് ആരോപിച്ച് ഹണി റോസ് പരാതി നൽകിയതിൽ പ്രതികരണവുമായി രാഹുൽ ഈശ്വർ രംഗത്ത്. ഹണി റോസിനെ ഒരു വാക്കുകൊണ്ട് പോലും താൻ അധിക്ഷേപിക്കുന്നത് കാണിച്ചാൽ വിചാരണ കൂടാതെ ജയിലിൽ പോകും. കൂടാതെ ഹണി റോസ് നൽകിയ പരാതിയിന്മേലുള്ള കേസ് താൻ സ്വയം വാദിക്കുമെന്നും ഹണി റോസിനെ സോഷ്യൽ ഓഡിറ്റിന് വിധേയയാക്കണമെന്നും രാഹുൽ ഈശ്വർ പറഞ്ഞു. ഹണി റോസിനെ കൂടാതെ നടി അമലപോളിന്റെ വസ്ത്രധാരണത്തേയും രാഹുൽ വിമർഷിച്ചു.
ചാനലുകളിലൂടെ തനിക്കെതിരെ അധിക്ഷേപം നടത്തിയെന്ന് ആരോപിച്ചാണ് ഹണി റോസ് രാഹുൽ ഈശ്വറിനെതിരെ രംഗത്തെത്തിയത്. തന്റെ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലും തൊഴിൽ നിഷേധരീതിയിലും നേരിട്ടും സോഷ്യൽ മീഡിയ വഴിയും വരുന്ന എല്ലാ വെല്ലുവിളി, പോർവിളി കമന്റുകൾക്കും ആഹ്വാനം നടത്തിയ രാഹുൽ ഈശ്വറിനെതിരെ നിയമനടപടി കൈകൊള്ളുന്നുവെന്ന് ഹണിറോസ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞിരുന്നു. കൂടാതെ തന്നെ ആത്മഹത്യയിലേക്കു തള്ളിവിടുന്ന രീതിയിൽ പരാമർശങ്ങൾ നടത്തുന്നുവെന്നും നടി പോസ്റ്റിൽ പറയുന്നു.
എന്നാൽ നടിയുടെ ഈ ആരോപണത്തെ രാഹുൽ ഈശ്വർ നിഷേധിച്ചു. ‘ഹണി റോസിനെ ഒരു വരിയിലൂടെയോ ഒരു വാക്കിലൂടെയോ അധിക്ഷേപിക്കുകയോ ലൈംഗികാധിക്ഷേപം നടത്തുകയോ ഞാൻ ചെയ്തിട്ടുണ്ടെങ്കിൽ എന്നെ വിചാരണ കൂടാതെ ജയിലിലടണം. ഞാൻ മറുവാദം പോലും പറയില്ല. ഹണി റോസ് വിമർശനത്തിന് അതീതയല്ല. ആവിഷ്‌കാര സ്വാതന്ത്ര്യം ഉറപ്പുനൽകുന്ന 19-ാം അനുച്ഛേദത്തിൽ ഡീസൻസിയും മൊറാലിറ്റിയും റീസണബിൾ റെസ്ട്രിക്ഷനുകളാണ്. ആ ഡീസൻസി എന്ന വാദഗതി ഹണി റോസിന് ബാധകമാകണം എന്നല്ലേ ഞാൻ പറഞ്ഞത്? ഹണി റോസിനെ ഞാൻ മോശമാക്കി പറയുന്ന എന്തെങ്കിലും ചൂണ്ടിക്കാണിച്ചാൽ എന്നെ വിചാരണ കൂടാതെ ജയിലിലിടണം.’ -രാഹുൽ ഈശ്വർ പറഞ്ഞു.
‘ഞാനൊരു അഭിഭാഷകനാണ്. എന്റെ കേസ് ഞാൻ തന്നെ വാദിക്കും. രാമൻ പിള്ള സാറിനെയോ, മുകുൾ റോത്തഗിയെയോ വെക്കാനുള്ള കാശ് എന്റെ കയ്യിലില്ല. ഹണി റോസ് കേസിന് പോകുന്നത് അവരുടെ സ്വാതന്ത്ര്യമാണ്.’ ‘ഹണി റോസിനെ സോഷ്യൽ ഓഡിറ്റ് ചെയ്യുന്നതിന്റെ ഭാഗമായി ഹണി റോസ് എടുക്കുന്ന സമീപനം, ഹണി റോസിന്റെ ആവിഷ്‌കാര സ്വാതന്ത്ര്യം, ഹണി റോസിന്റെ വസ്ത്രസ്വാതന്ത്ര്യം ഇവയും കൂടി നമ്മൾ സോഷ്യൽ ഓഡിറ്റ് ചെയ്യണം. ഉദാഹരണത്തിന്, ‘ബോചെ’ (ബോബി ചെമ്മണ്ണൂർ) എനിക്ക് വ്യക്തിപരമായി പരിചയമുള്ള ആളാണ്. പക്ഷേ ബോചെ ചെയ്തത് തെറ്റാണ്. ബോചെ മാപ്പ് പറയണമെന്ന് ആദ്യം ടിവി ചാനലുകളിൽ പറഞ്ഞ വ്യക്തിയാണ് ഞാൻ. ബോചെ ചെയ്തതിനെ ആരും ന്യായീകരിച്ചിട്ടില്ലെന്നും രാഹുൽ പറഞ്ഞു.
രാഹുൽ ഈശ്വറും തയ്ച്ചുവച്ചോ ഒരു കുപ്പായം, ”ഞാനും എന്റെ കുടുംബവും കടുത്ത മാനസികസമ്മർദ്ദത്തിലൂടെ ആണ് കടന്നുപോകുന്നത്, അതിനു പ്രധാന കാരണക്കാരിൽ ഒരാൾ ഇപ്പോൾ താങ്കളാണ്, നിങ്ങൾ ശ്രമിക്കുന്നത് എന്നെ ആത്മഹത്യയിലേക്ക് തള്ളിയിടാൻ”
അതുപോലെ അമല പോളിന്റെ വസ്ത്രധാരണത്തേയും രാഹുൽ വിമർശിച്ചു.’അമല പോൾ എന്ന പ്രഗത്ഭയായ അഭിനേത്രി എറണാകുളത്തെ ഒരു പ്രധാനപ്പെട്ട കോളേജിൽ വളരെ ലോ നെക്ക് ലൈനുള്ള വസ്ത്രം ധരിച്ചെത്തി. അതിനെതിരെയും ശക്തമായ വിമർശനം ഉന്നയിച്ചയാളാണ് ഞാൻ. അതെന്തുകൊണ്ടാണ്? അങ്ങനെ ലോ നെക്ക് ലൈനുള്ള മിനി സ്‌കർട്ടുള്ള കുട്ടിയുടുപ്പിട്ട് കോളേജിൽ പോകരുത്. എന്തുകൊണ്ടാണ്? കോളേജിൽ ആൺകുട്ടികളും പെൺകുട്ടികളുമുണ്ട്. പെൺകുട്ടികൾക്കത് ചീത്ത മാതൃകയാകും. ആൺകുട്ടികൾ കൂവും, അല്ലെങ്കിൽ വ്യത്യസ്ത ആങ്കിളുകളിൽ ഫോട്ടോയും വീഡിയോയും എടുക്കും. നൈറ്റ് ക്ലബ്ബിൽ പോകുന്ന വസ്ത്രം ധരിച്ചാണോ കോളേജിൽ പോകുന്നത്? അത് ശരിയല്ല എന്ന് പറയുമ്പോൾ അതിനോട് ഇത്ര അസഹിഷ്ണുത കാണിക്കുന്നത് എന്തിനാണ്? എല്ലാ കാര്യത്തിലും ചില ലക്ഷ്മണരേഖകളുണ്ട്. അത് നമ്മൾ ലംഘിക്കരുതെന്നും രാഹുൽ കൂട്ടിച്ചേർത്തു.