തിരുപ്പൂർ: ജൻമദിനത്തിൽ മരണത്തിലേക്ക് പോയ പെൺകുട്ടിയുc സുഹൃത്തുക്കളും നാടിൻ്റെ ദുഃഖമായി മാറി.
പിറന്നാൾ കേക്ക് അയൽവാസികൾക്ക് നൽകാനായി പോയ പെൺകുട്ടി രണ്ട് സുഹൃത്തുക്കൾക്കൊപ്പം ഇരു ചക്രവാഹനത്തിൽനിന്ന് കുളത്തിലേക്ക് വീണ് മരിക്കുകയായിരുന്നു. ഉദുമൽപേട്ടയ്ക്കു സമീപം കുറിച്ചിക്കോട്ടൈ മാനുപ്പട്ടി നിവാസികളെ വേദനയിലാഴ്ത്തി. ദർശന (17), ചെന്നൈ വേലച്ചേരി സ്വദേശി ആകാശ് (20), വിദ്യാർഥിനിയുടെ ബന്ധു മാരിമുത്തു (20) എന്നിവരാണ് മരിച്ചത്.
ഡിസംബർ 18നാണ് ദർശനയ്ക്ക് 17 വയസ്സായത്. കുടുംബത്തോടൊപ്പം ജൻമദിനം ആഘോഷിച്ച ശേഷമാണ് ദർശന പുറത്തേക്ക് പോയത്. പരിചയക്കാർക്കും അയൽക്കാർക്കും കേക്ക് നൽകാനുണ്ടെന്നാണ് വീട്ടിൽ പറഞ്ഞത്. രാത്രിയായിട്ടും പെൺകുട്ടിയെ കാണാതായതോടെ വീട്ടുകാർ പൊലീസിൽ പരാതി നൽകി. പെൺകുട്ടിയും സുഹൃത്തുക്കളും ബൈക്കിൽ പോയതായി പൊലീസിനു വിവരം ലഭിച്ചെങ്കിലും മൂന്നുപേരുടെയും മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. രാവിലെ കുളത്തിന് അരികിലൂടെ പോയവരാണ് മൃതദേഹങ്ങൾ കണ്ടത്. പൊലീസ് സ്‌ഥലത്തെത്തി കാണാതായ പെൺകുട്ടിയാണ് മരിച്ചവരിൽ ഒരാളെന്ന് സ്‌ഥിരീകരിക്കുകയായിരുന്നു.
മാരിമുത്തുവാണ് ബൈക്ക് ഓടിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു. വളവ് ശ്രദ്ധയിൽപ്പെടാതെ നിയന്ത്രണം വിട്ടാണ് ബൈക്ക് കുളത്തിലേക്ക് വീണതെന്നാണ് നിഗമനം. കൊടുംവളവിൽ ഇരുമ്പു പൈപ്പിൽതട്ടി മൂന്നുപേരും കുളത്തിലേക്ക് വീഴുകയായിരുന്നു. കുളത്തിൽ ഏഴ് അടിയോളം വെള്ളമുണ്ടായിരുന്നു.
ദർശന സമൂഹമാധ്യമത്തിലൂടെയാണ് ആകാശിനെ പരിചയപ്പെട്ടത്. മാരിമുത്തുവിന് ഇരുവരുടെയും സൗഹൃദം അറിയാമായിരുന്നു. ജൻമദിനാശംസ നേരാനാണ് ആകാശ് ഉദുമൽപേട്ടിലെത്തിയത്. തുടർന്ന് മാരിമുത്തു ബൈക്കുമായി എത്തി ഇരുവരെയും ഒപ്പം കൂട്ടുകയായിരുന്നു.