തിരുവനന്തപുരം: ഗുരുതര ആരോപണങ്ങളെ തുടർന്ന് അന്വേഷണം നേരിടുന്ന എഡിജിപി എംആർ അജിത് കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം നൽകാനുള്ള ശിപാർശയ്ക്ക് മന്ത്രിസഭായോഗത്തിൽ അംഗീകാരം. ജൂലൈ ഒന്നിന് നിലവിലെ പോലീസ് മേധാവി ഷെയ്ഖ് ദർവേസ് സാഹിബ് സർവീസിൽനിന്ന് വിരമിക്കുന്ന ഒഴിവിലേക്ക് അജിത്കുമാറിന് സ്ഥാനക്കയറ്റം നൽകാണ് തീരുമാനം.
ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള കമ്മിറ്റിയാണ് അജിത് കുമാറിന് സ്ഥാനക്കയറ്റത്തിന് ശിപാർശ നൽകിയിരുന്നത്. വിജിലൻസ് അന്വേഷണം നേരിടുന്നതുകൊണ്ട് മാത്രം സ്ഥാനക്കയറ്റം തടയാനാകില്ലെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കിയിരുന്നു.
തൃശൂര്‍ പൂരം കലക്കല്‍, ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച എന്നിവ സംബന്ധിച്ച് അജിത്കുമാറിനെതിരെ അന്വേഷണം നടക്കുകയാണ്. വരവിലേറെ സ്വത്തുണ്ടെന്ന ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണവുമുണ്ട്. എന്നാല്‍ വിജിലന്‍സ് അന്വേഷണം നടക്കുന്നതുകൊണ്ടുമാത്രം സ്ഥാനക്കയറ്റം തടയാനാകില്ലെന്ന് വിവിധ സുപ്രീംകോടതി വിധികള്‍ ഉണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് സ്ക്രീനിങ് കമ്മിറ്റി സ്ഥാനക്കയറ്റ ശുപാര്‍ശ നല്‍കിയത്.
കോടതിയില്‍ ചാര്‍ജ്ഷീറ്റ് ഫയല്‍ ചെയ്ത് വിചാരണയ്ക്കു കാത്തിരിക്കുകയാണെങ്കിലോ അച്ചടക്കനടപടിക്കായി മെമ്മോ കൊടുത്തിട്ടുണ്ടെങ്കിലോ സസ്പെന്‍ഷനില്‍ നില്ക്കുകയാണെങ്കിലോ മാത്രമേ സ്ഥാനക്കയറ്റത്തില്‍ നിന്നു മാറ്റിനിര്‍ത്താന്‍ ചട്ടമുള്ളൂവെന്നും ചീഫ് സെക്രട്ടറി നേരത്തെ വ്യക്തമാക്കിയിരുന്നു.