ഭോപ്പാൽ: നവജാതശിശുക്കൾക്കുള്ള ഐസിയുവിലെ (എൻഐസിയു) ഓക്‌സിജൻ വിതരണ പൈപ്പ് കള്ളൻ മോഷ്ടിച്ചുകൊണ്ടുപോയതിനെ തുടർന്ന് ശ്വാസം കിട്ടാതെ പിടഞ്ഞ് 12 കുഞ്ഞുങ്ങൾ. മധ്യപ്രദേശിലെ രാജ്ഗഢ് ജില്ലാ ആശുപത്രിയിൽ ചൊവ്വാഴ്ച രാത്രി വൈകിയാണ് ഏവരേയും ഞെട്ടിച്ച സംഭവമുണ്ടായത്. എന്നാൽ ആരോഗ്യപ്രവർത്തകർ തക്കസമയത്ത് ഇടപെട്ട് ഓക്‌സിജൻ ലഭ്യമാക്കിയതിനാൽ വൻ ദുരന്തം ഒഴിവായി.
കള്ളൻ ഓക്‌സിജൻ വിതരണത്തിനായുള്ള 15 അടിയോളം നീളമുള്ള ചെമ്പ് പൈപ്പാണ് മോഷ്ടിച്ചുകൊണ്ടു പോയത്. ഇതോടെ എൻഐസിയുവിലേക്കുള്ള ഓക്‌സിജൻ വിതരണം നിലച്ചു. ശ്വാസം കിട്ടാതെ കുരുന്നുകൾ പിടയാൻ തുടങ്ങിയതോടെയാണ് ഐസിയുവിലേക്ക് ആരോഗ്യപ്രവർത്തകർ ഓടിയെത്തിയത്. ഇതിനിടെ അപായ മുന്നറിയിപ്പിനായുള്ള അലാറവും മുഴങ്ങിയിരുന്നു.
അപകടം നടന്നയുടനെ എൻഐസിയുവിലേക്കുള്ള ഓക്‌സിജൻ വിതരണം ഉടൻ തന്നെ പുനഃസ്ഥാപിക്കാൻ കഴിഞ്ഞുവെന്ന് രാജ്ഗഢ് ചീഫ് മെഡിക്കൽ ആൻഡ് ഹെൽത്ത് ഓഫീസർ ഡോ. കിരൺ വാദിയ പറഞ്ഞു. സംഭവത്തെ കുറിച്ച് ഉന്നതാധികാരികളെ അറിയിച്ചു. ബദൽ സംവിധാനം ഉണ്ടായിരുന്നതിനാൽ സാഹചര്യത്തെ കാര്യക്ഷമമായി നേരിടാൻ കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവസമയം 20 നവജാതശിശുക്കളാണ് എൻഐസിയുവിൽ ചികിത്സയിലുണ്ടായിരുന്നത്.