പാലക്കാട്: ആവേശം വാനോളം വാരി വിതറിയ കലാശക്കൊട്ടോടെ പാലക്കാട് ഉപതെരഞ്ഞെടുപ്പിൻറെ പരസ്യപ്രചാരണത്തിനു സമാപനം. ഇനി നിശബ്ദ പ്രചാരണം. മൂന്നു മുന്നണികളുടെയും ആയിരക്കണക്കിന് പ്രവർത്തകരും നേതാക്കൻമാരുമാണ് കലാശക്കൊട്ടിൽ പങ്കെടുത്തത്. വൈകുന്നേരം നാലോടെ ബിജെപിയുടെയും യുഡിഎഫിൻറെയും എൽഡിഎഫിൻറെയും റോഡ് ഷോ ആരംഭിച്ചിരുന്നു.
പാലക്കാട്ടെ വീഥികളും കൽപ്പാത്തി തെരുവുകളും പ്രവർത്തകരെക്കൊണ്ട് നിറഞ്ഞിരുന്നു. യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിൻറെ റോഡ് ഷോ ഒലവക്കോട് നിന്നാണ് ആരംഭിച്ചത്. നീല ട്രോളി ബാഗുമായിട്ടാണ് രാഹുൽ മാങ്കൂട്ടത്തിൽ കലാശക്കൊട്ടിനെത്തിയത്. ബിജെപി വിട്ട് കോൺഗ്രസ് തട്ടകത്തിലെത്തിയ സന്ദീപ് വാര്യരും രമേശ് പിഷാരടിയും റോഡ്ഷോയിൽ രാഹുലിനൊപ്പം പങ്കെടുത്തു.
ഇരട്ട വോട്ടു വിവാദത്തിൽ തീരുമാനം; ഇനി പേര് പാലക്കാട് വോട്ടർ പട്ടികയിൽ മാത്രം, മറ്റുള്ളവ വെട്ടും
എൽഡിഎഫ് സ്ഥാനാർഥി ഡോ.പി. സരിൻറെ റോഡ്ഷോ വൈകുന്നേരം നാലോടെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്നും ആരംഭിച്ചു. പി. സരിനൊപ്പം എം.ബി. രാജേഷും റോഡ്ഷോയിൽ പങ്കെടുത്തു. ബിജെപി സ്ഥാനാർഥി സി .കൃഷ്ണകുമാറിൻറെ റോഡ് ഷോ മേലാമുറി ജംഗ്ഷനിൽ നിന്നുമാണ് ആരംഭിച്ചത്. സി. കൃഷ്ണകുമാറിനൊപ്പം ശോഭ സുരേന്ദ്രൻ, തുഷാർ വെള്ളാപ്പള്ളി തുടങ്ങിയവരും റോഡ്ഷോയിൽ പങ്കെടുത്തു. ഇനിയുള്ള മണിക്കൂറുകളിൽ വോട്ടർമാരെ നേരിൽ കണ്ട് വോട്ട് ഉറപ്പിക്കാനുള്ള നീക്കത്തിലായിരിക്കും സ്ഥാനാർഥികൾ. 20നാണ് വോട്ടെടുപ്പ്. ആരോപണ പ്രത്യാരോപണങ്ങൾ മുഖരിതമായിരുന്നു ഇത്തവണ പാലക്കട്ടെ തിരഞ്ഞെടുപ്പ് പ്രചരണങ്ങൾ.