കൊച്ചി ∙ ഇന്ത്യയിലെ ആദ്യത്തെയും ദക്ഷിണേഷ്യയിലെ ഏറ്റവും വലുതുമായ സമകാലിക കലാമേളയായ കൊച്ചി-മുസിരിസ് ബിനാലെയുടെ ആറാം ലക്കത്തിന് ഇന്ന് തുടക്കമാകും. വൈകിട്ട് ആറിന് ഫോർട്ട് കൊച്ചി പരേഡ് ഗ്രൗണ്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ ബിനാലെയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും. രാജ്യാന്തര പ്രശസ്തനായ കലാകാരൻ നിഖിൽ ചോപ്രയും ഗോവയിലെ എച്ച്എച്ച്ആർട്ട് സ്‌പേസസും ചേര്‍ന്ന് ക്യുറേറ്റ് ചെയ്യുന്ന ഈ രാജ്യാന്തര പ്രദർശനത്തിൽ 25ലധികം രാജ്യങ്ങളിൽ നിന്നുള്ള 66 ആർട്ടിസ്റ്റ് പ്രോജക്റ്റുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഫോർട്ട്കൊച്ചിയിലെ ആസ്പിൻവാൾ ഹൗസാണ് പ്രധാന വേദി. പ്രദര്‍ശനങ്ങള്‍ 110 ദിവസത്തിനു ശേഷം മാര്‍ച്ച് 31ന് സമാപിക്കും
.ഉച്ചയ്ക്ക് 12-ന് ആസ്പിൻവാൾ ഹൗസിൽ മാർഗി രഹിത കൃഷ്ണദാസിന്റെ തായമ്പകയോടെ ബിനാലെയുടെ പതാക ഉയരും. മോണിക്ക ഡി മിറാൻഡ, സറീന മുഹമ്മദ് എന്നിവരുടെ അവതരണങ്ങളും ഉദ്ഘാടന ദിവസത്തെ ആകർഷണങ്ങളാണ്. ഉദ്ഘാടന ചടങ്ങിനെ തുടർന്ന് ഏഴരയ്ക്ക് നേഹ നായർ, രശ്മി സതീഷ്, ഷഹബാസ് അമൻ, മൻദീപ് റൈഖി എന്നിവർ നയിക്കുന്ന ശംഖ ട്രൈബിന്റെ സംഗീതപരിപാടി അരങ്ങേറും. ആദ്യ ആഴ്ചയിൽ വിവിധ വേദികളിലായി മെഹ്ഫിൽ-ഇ-സമ, ദ എഫ്16സ്, നാഞ്ചിയമ്മ ആൻഡ് ടീം എന്നിവരുടെ പരിപാടികൾ നടക്കും. യുവ കേരള ചവിട്ടുനാടക കലാസമിതി അവതരിപ്പിക്കുന്ന ചവിട്ടുനാടകവും മെഹബൂബ് മെമ്മോറിയൽ ഓർക്കസ്ട്രയുടെ ഗാനമേളയും കരിന്തലക്കൂട്ടത്തിന്റെ വട്ടമുടിക്കോലം, തിര, കരിങ്കാളി കോലം തുടങ്ങിയവ ഉള്‍പ്പെട്ട നാടൻ കലാവിരുന്നും ഉണ്ടായിരിക്കും. ഇൻവിറ്റേഷൻസ്, സ്റ്റുഡന്റ്സ് ബിനാലെ, ആർട്ട് ബൈ ചിൽഡ്രൻ, ഇടം തുടങ്ങിയ വിഭാഗങ്ങൾ 13ന് ആരംഭിച്ച് 2026 മാർച്ച് 31 വരെ നീണ്ടുനിൽക്കും. ഇത്തവണ വില്ലിങ്ടൺ ഐലൻഡിലെ ഐലൻഡ് വെയർഹൗസിലേക്കും ബിനാലെ വേദികൾ വ്യാപിപ്പിച്ചിട്ടുണ്ട്. വാട്ടർ മെട്രോ, ഫെറി, റോഡ് മാർഗങ്ങളിൽ ഇവിടെ എത്തിച്ചേരാം.

















































