പൂനെ: മൂന്നാം നിലയിൽ നിന്ന് താഴേയ്ക്ക് വീണ നാലു വയസുകാരി കമ്പിയിൽ തൂങ്ങിക്കിടന്നത് അരമണിക്കൂറോളം. അവധിയിലായിരുന്ന അഗ്നിരക്ഷാ സേനാ പ്രവർത്തകൻ തുണയായി. പിഞ്ചുകുഞ്ഞിന് അത്ഭുത രക്ഷ. മഹാരാഷ്ട്രയിലെ പൂനെയിലാണ് സംഭവം. ചൊവ്വാഴ്ച രാവിലെ പൂനെയിലെ കട്രാജ് മേഖലയിൽ വച്ചാണ് നാല് വയസുകാരി ഭാവിക ചന്ദന മൂന്നാം നിലയിലെ ജനലിലൂടെ താഴേയ്ക്ക് തെന്നി വീണത്.
വീഴുന്നതിനിടെ കഷ്ടിച്ച് ജനൽപ്പടിയിൽ പിടുത്തം കിട്ടിയതോടെ കുട്ടി ജനലിൽ തൂങ്ങുകയായിരുന്നു. ഈ സമയത്താണ് അയൽവാസിയും അഗ്നിരക്ഷാ സേനാംഗവുമായ യോഗേഷ് അർജുൻ ചവാൻ സമീപത്തെ കെട്ടിടത്തിൽ നിന്ന് ഒരാൾ വിളിച്ച് പറയുന്നത് ശ്രദ്ധിച്ചത്. അപകടം നടക്കുന്ന സമയത്ത് അപാർട്ട്മെന്റിലെ കിടപ്പുമുറി അടച്ചിട്ട നിലയിലായിരുന്നു. സംഭവം കണ്ടെത്തിയ അഗ്നിരക്ഷാ സേനാംഗം പറയുമ്പോഴാണ് മകൾ ജനലിലൂടെ വീണ കാര്യം അമ്മ അറിഞ്ഞത്. നാല് വയസുകാരിയുടെ സഹോദരിയെ സ്കൂളിലേക്ക് അയക്കാനായി അമ്മ പുറത്തേക്ക് പോയ സമയത്താണ് കുട്ടി കിടപ്പുമുറിയിൽ കയറി വാതിൽ അടച്ചത്. കട്ടിലിൽ കയറിയ ശേഷം ജനാലയുടെ അടുത്തെത്തി കളിക്കുന്നതിനിടെയാണ് നാല് വയസുകാരി താഴേയ്ക്ക് വീണത്.
ജോലിയിലെ ഓഫ് ഡേ ആയതിനാൽ വീട്ടിലുണ്ടായിരുന്ന അർജുൻ, കുളിക്കാൻ ഒരുങ്ങി നിൽക്കുമ്പോഴാണ് അയൽവീട്ടിലെ ജനലിൽ കുഞ്ഞ് തൂങ്ങി നിൽക്കുന്നത് അറിയുന്നത്. വസ്ത്രം പോലും മാറാതെ സെക്കന്റുകൾക്കുള്ളിൽ കുഞ്ഞിന് അടുത്ത് എത്താനായതാണ് അപകടം ഒഴിവാക്കിയത്. പതിനഞ്ച് മിനിറ്റിലേറെ സമയം കുഞ്ഞ് ജനലിലെ കമ്പിയിൽ തൂങ്ങി നിന്നതായാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 14 വർഷത്തോളമായി പൂനെ ഫയർ ബ്രിഗേഡിൽ സേവനം ചെയ്യുകയാണ് അർജുൻ.