ബാങ്കോക്ക്: സുഹൃത്തിനെ ഉൾപ്പെടെ 14 പേരെ സയനൈഡ് നൽകി കൊലപ്പെടുത്തിയ കേസിൽ തായ്ലൻഡ് യുവതിക്ക് വധശിക്ഷ. സറാരത് രങ്സിവുതപോൺ എന്ന 36-കാരിയെ ബാങ്കോക്ക് കോടതിയാണ് ശിക്ഷിച്ചത്. ഇതുവരെ 14 കൊലപാതകങ്ങൾ യുവതി ചെയ്തിട്ടുണ്ടെങ്കിലും ഇവർ ശിക്ഷിക്കപ്പെടുന്ന ആദ്യ കേസാണിത്. ശിക്ഷ വിധിക്കുമ്പോൾ സറാരത് കോടതിയിൽ ചിരിയോടെ നിൽക്കുകയായിരുന്നെന്നും കൊലപാതകങ്ങളെല്ലാം സമ്മതിച്ചെന്നും ബിബിസി റിപ്പോർട്ട് ചെയ്തു.
കുറ്റം മറച്ചുവച്ചതിനും തെളിവ് നശിപ്പിച്ചതിനും പോലീസ് ഉദ്യോഗസ്ഥനായിരുന്ന യുവതിയുടെ മുൻ ഭർത്താവിനെ കോടതി ഒരു വർഷവും നാലുമാസവും തടവിന് ശിക്ഷിച്ചു. മുൻ കാമുകന്മാരിൽ ഒരാൾക്ക് വിഷം കൊടുക്കാൻ സഹായിച്ചത് ഇയാൾ ആയിരുന്നുവെന്ന് പോലീസ് കണ്ടെത്തി.
ബുദ്ധമത ആചാരങ്ങളുടെ ഭാഗമായി നടന്ന ഒരു ചടങ്ങിനിടെ, 2023 ഏപ്രിൽ മാസത്തിലാണ് കൊല്ലപ്പെട്ട സിറിപോൺ എന്ന യുവതിയെ സറാരത് കണ്ടുമുട്ടിയത്. പിന്നീട് ഒരുദിവസം ഇരുവരും ഒരുമിച്ച് ഭക്ഷണം കഴിച്ചശേഷം സിറിപോൺ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. ഇതിനിടെ സിറിപോണിന്റെ ഫോണും പണവും എല്ലാം നഷ്ടപ്പെട്ടിരുന്നു. കൂടാതെ യുവതിയുടേത് സ്വാഭാവിക മരണമല്ലെന്ന് ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചതോടെ കേസിൽ വഴിത്തിരിവാകുകയായിരുന്നു. പോസ്റ്റുമോർട്ടത്തിൽ ശരീരത്തിൽ സയനൈഡിന്റെ സാന്നിധ്യം കണ്ടെത്തി. തുടർന്ന് സറാരത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇതോടെയാണ് സീരിയൽ കില്ലറായ യുവതിയുടെ ഇതുവരെയുള്ള കൊലപാതക പരമ്പരകൾ ലോകമറിയുന്നത്.
മാത്രമല്ല കൊലപാതകങ്ങളിൽ സാറാരാതിന്റെ പങ്ക് വ്യക്തമായി. ഇതിനിടെ ഇവർ ലക്ഷ്യമിട്ടിരുന്ന ഒരാൾ മരണത്തിൽനിന്ന് രക്ഷപെട്ടു. മറ്റു 13 കേസുകളിലും ഇവർ വിചാരണ നേരിടുകയാണ്. എൺപതോളം കുറ്റങ്ങളാണ് പ്രതിക്കെതിരേ ചുമത്തിയത്.
ഇരകളെ കൊല്ലുന്നതിനു മുൻപ് അവരിൽനിന്ന് പണം തട്ടിയെടുത്തിരുന്നു. ചൂതാട്ടത്തിന് അടിമയായ പ്രതി, പണം കണ്ടെത്തിയിരുന്നത് ഇത്തരത്തിൽ കൊല്ലപ്പെടുന്ന ഇരകളിൽനിന്നായിരുന്നു. കൊല്ലപ്പെട്ട ഒരു വ്യക്തിയിൽനിന്ന് വലിയ തുക യുവതി കടമായി വാങ്ങിയിരുന്നു. തുടർന്ന് ഇതേ വ്യക്തിയെ കൊന്ന് കൈവശമുണ്ടായിരുന്നതെല്ലാം മോഷ്ടിച്ചു. സയനൈഡ് കലർത്തിയ ഹെർബ് ക്യാപ്സൂളുകളാണ് യുവതി ഇരകൾക്ക് നൽകിയിരുന്നത്.


















































