2017 ഫെബ്രുവരി 17: മലയാള സിനിമയിലെ പ്രമുഖ നായികാതാരത്തെ കാർ തടഞ്ഞുനിർത്തി ഉപദ്രവിച്ചു. അങ്കമാലിയിലെ അത്താണിക്കു സമീപത്തായിരുന്നു സംഭവം. കാറിൽ അതിക്രമിച്ചു കയറിയ സംഘം നടിയെ ശാരീരികമായി ആക്രമിക്കുന്നതിന്റെ വിഡിയോയും പകർത്തി. തുടർന്ന്, സംവിധായകൻ ലാലിന്റെ വീട്ടിലെത്തിയ നടി വിവരം പറഞ്ഞു. ലാൽ പി.ടി.തോമസ് എംഎൽഎയെ വിവരമറിയിച്ചു. അദ്ദേഹമാണ് പൊലീസിനെ അറിയിച്ചത്. പൊലീസ് ഉടൻ അന്വേഷണം തുടങ്ങുകയും ഡ്രൈവർ കൊരട്ടി പൂവത്തുശേരി മാർട്ടിൻ ആന്റണിയെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.
ഫെബ്രുവരി 18: നടിയുടെ വൈദ്യ പരിശോധന നടത്തി. രഹസ്യ മൊഴി കളമശേരി മജിസ്ട്രേട്ട് രേഖപ്പെടുത്തി. കേസ് അന്വേഷിക്കാൻ ഉത്തരമേഖലാ ക്രൈംബ്രാഞ്ച് ഐജി ദിനേന്ദ്ര കശ്യപിന്റെ നേത്യത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. പ്രതികൾക്കെതിരെ പീഡനശ്രമം, തട്ടിക്കൊണ്ടു പോകൽ, ഗൂഢാലോചന, ഭീഷണിപ്പെടുത്തൽ, ബലപ്രയോഗത്തിലൂടെ അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തൽ തുടങ്ങിയ കുറ്റങ്ങൾക്ക് കേസെടുത്തു.
ഫെബ്രുവരി 19: ആലപ്പുഴ സ്വദേശി വടിവാൾ സലീം, കണ്ണൂർ സ്വദേശി പ്രദീപ് എന്നിവർ കോയമ്പത്തൂരിൽനിന്നു പിടിയിൽ.
ഫെബ്രുവരി 20: കൊച്ചി തമ്മനം സ്വദേശി മണികണ്ഠൻ പാലക്കാട്ടുനിന്ന് പിടിയിൽ. പ്രതികളായ സുനിൽ, മണികണ്ഠൻ, വി. പി. വിജീഷ് എന്നിവർ മുൻകൂർ ജാമ്യം തേടി.
∙ ഫെബ്രുവരി 21: അന്വേഷണ സംഘം ദിലീപിന്റെ മൊഴിയെടുത്തു.
∙ ഫെബ്രുവരി 23: പൊലീസിനെ വെട്ടിച്ച് എറണാകുളം അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ കീഴടങ്ങാനെത്തിയ മുഖ്യപ്രതി പെരുമ്പാവൂർ കോടനാട് നെടുവേലിക്കുടി സുനിൽകുമാർ എന്ന പൾസർ സുനി, തലശേരി സ്വദേശി വിജീഷ് എന്നിവരെ കോടതി മുറിയിൽനിന്നു ബലപ്രയോഗത്തിലൂടെ പൊലീസ് അറസ്റ്റ് ചെയ്തു.
∙മാർച്ച് 10: സുനിൽകുമാർ, വിജീഷ് എന്നിവരുടെ ചോദ്യം ചെയ്യൽ പൂർത്തിയാക്കി പൊലീസ് കോടതിയിൽ ഹാജരാക്കി. കോടതി ഇവരെ റിമാൻഡ് ചെയ്തു.
∙ ഏപ്രിൽ 18: പൾസർ സുനി ഒന്നാം പ്രതിയായി അങ്കമാലി മജിസ്ട്രേട്ട് കോടതിയിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. കൊരട്ടി സ്വദേശി മാർട്ടിൻ ആന്റണി, ആലപ്പുഴ സ്വദേശി വടിവാൾ സലിം, കണ്ണൂർ സ്വദേശികളായ പ്രദീപ്, വിജീഷ്, തമ്മനം സ്വദേശി മണികണ്ഠൻ, ഇരിട്ടി സ്വദേശി ചാർലി തോമസ് എന്നിവരാണ് മറ്റു പ്രതികൾ.
∙ ഏപ്രിൽ 20: വിഷ്ണു എന്നയാൾ ഫോണിൽ വിളിച്ച്, സംഭവത്തിൽ ബന്ധപ്പെടുത്താതിരിക്കാൻ ഒന്നരക്കോടി രൂപ ആവശ്യപ്പെട്ടെന്ന് ദിലീപ് ഡിജിപിക്ക് പരാതി നൽകി.
∙ ജൂൺ 25: ദിലീപിനെ ബ്ലാക്ക്മെയിൽ ചെയ്യാൻ ശ്രമിച്ച കേസിൽ പൾസർ സുനിയുടെ സഹതടവുകാരായ വിഷ്ണു, സനൽ എന്നിവരെ പൊലീസ് അറസ്റ്റുചെയ്തു.
∙ ജൂൺ 28: പുതിയ വെളിപ്പെടുത്തലുകളെത്തുടർന്ന് ദിലീപ്, നാദിര്‍ഷ, ദിലീപിന്റെ സഹായി അപ്പുണ്ണി എന്നിവരെ അന്വേഷണസംഘം ആലുവ പൊലീസ് ക്ലബ്ബിൽ വിളിച്ചുവരുത്തി മൊഴിയെടുത്തു.
∙ ജൂലൈ 02: ദിലീപ് ചിത്രത്തിന്റെ ലൊക്കേഷനിൽ പൾസർ സുനി എത്തിയതായി പൊലീസിന് തെളിവു ലഭിച്ചു
∙ ജൂലൈ 10: ദിലീപ് അറസ്‌റ്റിൽ. ആക്രമണത്തിനു ഗൂഢാലോചന നടത്തിയെന്ന കുറ്റത്തിനാണ് അറസ്റ്റ്.
∙ ജൂലൈ 11: അങ്കമാലി ഫസ്റ്റ് ക്ലാസ് ജുഡിഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ ദിലീപിനെ ആലുവ സബ്ജയിലിൽ പ്രവേശിപ്പിച്ചു. കൂട്ടമാനഭംഗം, ഗൂഢാലോചന, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി.
∙ ജൂലൈ 15: അങ്കമാലി മജിസ്ട്രേട്ട് കോടതി ദിലീപിന്റെ ജാമ്യാപേക്ഷ തള്ളി.
∙ ജൂലൈ 24: ദിലീപിന്റെ പങ്കിനു പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നു ഹൈക്കോടതി. ഗൗരവമേറിയ കേസിന്റെ അന്വേഷണം നിർണായക ഘട്ടത്തിലാണെന്നും ജാമ്യം അനുവദിക്കാനാവില്ലെന്നും കോടതി.
∙ ജൂലൈ 25: ദിലീപിന്റെ റിമാൻഡ് കാലാവധി ഓഗസ്റ്റ് എട്ടു വരെ നീട്ടി.
∙ ജൂലൈ 28: അപ്പുണ്ണിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി.
∙ ഓഗസ്റ്റ് 8: ദിലീപിന്റെ റിമാൻഡ് കാലാവധി അങ്കമാലി കോടതി 22 വരെ നീട്ടി.
∙ ഓഗസ്റ്റ് 11: ദിലീപിന്റെ ജാമ്യഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി
∙ ഓഗസ്റ്റ് 29: ദിലീപിന്റെ ജാമ്യഹർജി ഹൈക്കോടതി വീണ്ടും തള്ളി.
∙ സെപ്റ്റംബർ 2: ദിലീപിനു അച്ഛന്റെ ശ്രാദ്ധ കർമത്തിൽ പങ്കെടുക്കാൻ അങ്കമാലി മജിസ്ട്രേട്ട് കോടതി താൽക്കാലിക അനുവാദം നൽകി.
∙ സെപ്റ്റംബർ 14: റിമാൻഡിൽ 60 ദിവസം കഴിഞ്ഞതിനാൽ സോപാധിക ജാമ്യം അനുവദിക്കണമെന്ന് ദിലീപ് അങ്കമാലി മജിസ്ട്രേട്ട് കോടതിയിൽ ജാമ്യാപേക്ഷ നൽകി.
∙ സെപ്റ്റംബർ 18: കോടതി ജാമ്യാപേക്ഷ വീണ്ടും തള്ളി.
∙ സെപ്റ്റംബർ 19: ദിലീപ് ഹൈക്കോടതിയിൽ മൂന്നാംവട്ടം ജാമ്യഹർജി നൽകി. മുൻപു ജാമ്യഹർജി നൽകിയപ്പോഴുള്ള സാഹചര്യങ്ങളിൽ എന്തെങ്കിലും മാറ്റമുണ്ടോ എന്നറിയിക്കാൻ പ്രോസിക്യൂഷനോടു കോടതി നിർദേശിച്ചു.
∙ സെപ്റ്റംബർ 27: ഹൈക്കോടതി ദിലീപിന്റെ ജാമ്യഹർജി വിധി പറയാൻ മാറ്റി.
∙ സെപ്റ്റംബർ 28: ദിലീപിന്റെ റിമാൻഡ് ഒക്ടോബർ 12 വരെ അങ്കമാലി മജിസ്ട്രേട്ട് കോടതി നീട്ടി
∙ ഒക്ടോബർ 3: കർശന ഉപാധികളോടെ ദിലീപിനു കോടതി ജാമ്യം അനുവദിച്ചു. കുറ്റകൃത്യം ആസൂത്രണം ചെയ്തു എന്നതുൾപ്പെടെ പ്രോസിക്യൂഷന്റെ ആരോപണങ്ങൾ ഗുരുതരമാണെങ്കിലും ലൈംഗികാതിക്രമത്തിൽ ദിലീപ് പങ്കെടുത്തിട്ടില്ലെന്നു െഹെക്കോടതി വിലയിരുത്തൽ. ദിലീപ് ജയിലിന് പുറത്ത്.
∙ നവംബർ 15: അറസ്റ്റിലായ ശേഷം ദിലീപ് നൽകിയ മൊഴികളിൽ പൊരുത്തക്കേടു കണ്ടതിനെത്തുടർന്ന് അന്വേഷണ സംഘം വീണ്ടും അദ്ദേഹത്തെ ആലുവ പൊലീസ് ക്ലബിൽ ചോദ്യം ചെയ്തു.
∙ 2018 ഒക്ടോബർ 19: ദിലീപ് അഭിനേതാക്കളുടെ സംഘടനയായ അമ്മയിൽ നിന്നു പുറത്ത്.
∙ 2019 മേയ് 3 : കേസിൽ വിചാരണക്കോടതിയിലെ നടപടികൾ സുപ്രീം കോടതി സ്റ്റേ ചെയ്തു. ദൃശ്യങ്ങളുള്ള മെമ്മറി കാർഡിന്റെ പകർപ്പ് ആവശ്യപ്പെട്ടു ദിലീപ് നൽകിയ ഹർജി തീർപ്പാക്കും വരെയാണു സ്റ്റേ.
∙ 2019 ഡിസംബർ 31: അതിജീവിതയ്ക്ക് എതിരെ പ്രതിഭാഗത്തിന്റെ ആരോപണങ്ങൾ. ദിലീപ് സമർപ്പിച്ച വിടുതൽ ഹർജിയിലെ പരാമർശങ്ങൾ വായിച്ച വിചാരണക്കോടതി വാദം അടച്ചിട്ട കോടതി മുറിയിലേക്കു മാറ്റി.
∙ 2020 ജനുവരി 17: കേസിൽ വിചാരണ നിർത്തിവയ്ക്കണമെന്ന ദിലീപിന്റെ ആവശ്യം സുപ്രീം കോടതി നിരസിച്ചു.
∙ 2020 മാർച്ച് 9: താൻ ഇരയും പ്രതിയുമായ കേസുകളുടെ വിചാരണ ഒരുമിച്ചു നടത്തുന്നതു നിയമപരമല്ലെന്ന് ആരോപിച്ചു ദിലീപ് നൽകിയ ഹർജി ഹൈക്കോടതി തള്ളി.
∙ 2020 സെപ്റ്റംബർ 16: കേസിൽ മാധ്യമങ്ങൾ വാർത്ത നൽകുന്നതിനെതിരെ ദിലീപ് കോടതിയിൽ പരാതി നൽകി.
∙ 2020 ഒക്ടോബർ 16: കേസിലെ വിചാരണ താൽക്കാലികമായി നിർത്തിവച്ചു. അതിജീവിതയ്ക്ക് നിലവിലെ വിചാരണക്കോടതിയിൽനിന്നു നീതി ലഭിക്കുമെന്ന് ഉറപ്പില്ലെന്നും വിചാരണ തടസ്സപ്പെടുത്തുന്ന ഘടകങ്ങൾ ഏറെ നിലനിൽക്കുന്നുവെന്നും ചൂണ്ടിക്കാട്ടി സ്പെഷൽ പ്രോസിക്യൂട്ടർ സമർപ്പിച്ച ഹർജിയിലാണു സാക്ഷിവിസ്താരം നിർത്തിവച്ചത്.
∙ 2020 ഒക്ടോബർ 30: കേസിന്റെ വിചാരണ എറണാകുളം സിബിഐ കോടതിയിൽ നിന്നു മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇഅതിജീവിതയ്ക്ക് പിന്നാലെ സർക്കാരും ഹൈക്കോടതിയിലെത്തി. രഹസ്യ വിചാരണയുടെ ലക്ഷ്യം ഉറപ്പാക്കാതെയാണു നടിയുടെ തെളിവെടുപ്പു നടന്നതെന്നു സർക്കാരും ആരോപിച്ചു. എന്നാൽ ആവശ്യം ഹൈക്കോടതി തള്ളി.
∙ 2021 ജനുവരി 15: ദിലീപിനെതിരായ കുറ്റാരോപണങ്ങളിൽ ഭാഗിക മാറ്റങ്ങൾ വരുത്താൻ കോടതി അനുവാദം നൽകി.
∙ 2021 മാർച്ച് 1: കേസിലെ വിചാരണ പൂർത്തിയാക്കാൻ സുപ്രീം കോടതി 6 മാസം അധികസമയം അനുവദിച്ചു.
∙ 2021 ഒക്ടോബർ 13: അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ ക്വട്ടേഷൻ പ്രകാരം നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിൽ ദിലീപിന്റെ ഡ്രൈവർ അപ്പുണ്ണി കൂറുമാറി പ്രതിഭാഗം ചേർന്നു.
∙ 2021 ഡിസംബർ 17: കേസിലെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി ദിലീപ് പിൻവലിച്ചു.
∙ 2021 ഡിസംബർ 30: കേസിലെ ഒന്നാം പ്രതി പൾസർ സുനി നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളുടെ പകർപ്പ് ദിലീപിന്റെ കൈവശമുണ്ടെന്നും ദിലീപും സുനിയും തമ്മിൽ അടുത്തബന്ധമുണ്ടെന്നും ദിലീപിനെതിരെ അന്വേഷണം നടത്തിയ 5 പൊലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടന്നെന്നും സംവിധായകൻ ബാലചന്ദ്രകുമാർ
∙ 2022 ജനുവരി 21: അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയാണ് എട്ടാം പ്രതി ദിലീപും കൂട്ടാളികളും നടത്തിയതെന്നു കോടതിയിൽ ബോധിപ്പിച്ച ക്രൈംബ്രാഞ്ച്, ഇതനുസരിച്ചുള്ള ഇന്ത്യൻ ശിക്ഷാ നിയമ വകുപ്പുകൾ കൂട്ടിച്ചേർത്തു പുതിയ എഫ്ഐആർ സമർപ്പിച്ചു.
∙ 2023 ഫെബ്രുവരി 16: പൾസർ സുനിയുടെ ജാമ്യാപേക്ഷയിൽ തീരുമാനമെടുക്കാൻ നടിയുടെ മൊഴി മുദ്രവച്ച കവറിൽ ഹാജരാക്കാൻ ഹൈക്കോടതി നിർദേശിച്ചു.
∙ 2023 ഡിസംബർ 7: കേസിൽ നിർണായക തെളിവായ മെമ്മറി കാർഡ് കോടതിയുടെ കസ്റ്റഡിയിലിരിക്കെ അനധികൃതമായി പരിശോധിച്ചതിൽ അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവിട്ടു.
∙ 2024 സെപ്റ്റംബർ 16: നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ കേരള സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി.
∙ 2024 ഡിസംബർ 11: കേസിൽ അന്തിമവാദം തുടങ്ങി.
∙ 2025 ജനുവരി 23: പ്രോസിക്യൂഷൻ വാദം പൂർത്തിയായി. 261 സാക്ഷികളെ വിസ്തരിച്ച കോടതി 1700 രേഖകൾ പരിഗണിച്ചു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം.വർഗീസാണു വിസ്താരം കേട്ടത്.
∙ 2025 ഡിസംബർ 8: കേസിലെ ആദ്യ 6 പ്രതികൾ കുറ്റക്കാർ. ദിലീപിനെ കുറ്റവിമുക്തനാക്കി കോടതി.
















































