കൊച്ചി: എറണാകുളം ആലുവയിൽ ബിഹാർ സ്വദേശിനിയുടെ ഒരു മാസം പ്രായമുളള കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാനുളള ശ്രമം പാതിവഴിയിൽ തടഞ്ഞ് പോലീസ്. സംഭവത്തിൽ കുഞ്ഞിനെ തട്ടിക്കൊണ്ടു പോയ ട്രാൻസ്ജെൻഡർ ഉൾപ്പെടെ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാത്രിയിലാണ് കുഞ്ഞിനെ തട്ടിക്കൊണ്ടു പോയത്.
സംഭവം ഇങ്ങനെ- ബിഹാർ സ്വദേശിനിയുടെ ഒരു മാസം പ്രായമുളള കുട്ടിയെ തട്ടിക്കൊണ്ടു പോയെന്ന വിവരം ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ കിട്ടുന്നത് വെള്ളിയാഴ്ച രാത്രി എട്ടു മണിയോടെയാണ്. എഴുപതിനായിരം രൂപ ആവശ്യപ്പെട്ടാണ് കുട്ടിയെ തട്ടിയെടുത്തെന്ന വിവരവും പോലീസിന് കിട്ടി. തട്ടിക്കൊണ്ടു പോയവരിൽ ഒരു ട്രാൻസ്ജെൻഡറുമുണ്ടെന്ന വിവരം നിർണായകമായി. തുടർന്ന് സ്റ്റേഷൻ ക്രൈം ഗ്യാലറിയിൽ നിന്ന് സംശയമുളളവരുടെ ചിത്രങ്ങളിൽ കുട്ടിയുടെ അമ്മയെ കാണിച്ചപ്പോൾ റിങ്കി എന്ന ട്രാൻസ്ജെൻഡറിനെ തിരിച്ചറിഞ്ഞു.
ഇതോടെ പോലീസ് റിങ്കിയുടെ താമസ സ്ഥലത്തേക്ക് എത്തുമ്പോഴേക്കും അവർ കുട്ടിയുമായി കടന്നിരുന്നു. തുടർന്ന് സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് കുട്ടിയുമായി സംഘം തൃശൂർ ഭാഗത്തേക്ക് കടന്നെന്ന് വ്യക്തമായത്. ഇവരെ പിന്തുടർന്നെത്തിയ പോലീസ് കൊരട്ടിയിൽ നിന്ന് കുട്ടിയെ കണ്ടെത്തുകയായിരുന്നു. റിങ്കിയുടെ സുഹൃത്തായ ആസാം സ്വദേശി റാഷിദുൽ ഹഖും പിടിയിലായിട്ടുണ്ട്. കുട്ടിയെ ആസാമിലേക്ക് കൊണ്ടു പോവുകയായിരുന്നു ലക്ഷ്യമെന്ന് പ്രതികൾ പോലീസിനോട് പറഞ്ഞു. പ്രതികളെ കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.