ആലപ്പുഴ: ആലപ്പുഴയിൽ അമ്മയും മകളും തമ്മിലുള്ള വാക്കു തർക്കത്തിനിടെ 17 കാരി അമ്മയെ കുത്തിപ്പരിക്കേല്പിച്ചു. ആലപ്പുഴ വാടയ്ക്കൽ ആണ് സംഭവം. മഹിളാ കോൺഗ്രസ് നേതാവിനാണ് മകളുടെ കുത്തേറ്റത്. കത്തിക്കുത്തിൽ കഴുത്തിന് ഗുരുതരമായി പരിക്കേറ്റ യുവതിയെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഫോൺ ഉപയോഗവുമായി ബന്ധപ്പെട്ട് കുറച്ചുനാളുകളായി അമ്മയും മകളും തമ്മിൽ പ്രശ്‌നങ്ങൾ നിലനിന്നിരുന്നു. പതിവുപോലെ ഇന്നും ഇതേച്ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായി. ഇതിനിടെ അമ്മ, മകളുടെ മൊബൈൽ ഫോൺ ചാർജർ എടുത്ത് ഒളിപ്പിച്ചുവച്ചു. മകൾ പലതവണ ആവശ്യപ്പെട്ടിട്ടും കൊടുത്തില്ല. കലികയറിയ മകൾ അമ്മയെ കത്തികൊണ്ട് കുത്തുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.