മുംബൈ ∙ മുംബൈ വിമാനത്താവളത്തിലെ ശുചിമുറിയിൽ ചവറ്റുകുട്ടയിൽ മാസം തികയാത്ത നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പ്രതികളെ പിടികൂടി പൊലീസ്. 16 വയസ്സുള്ള പെൺകുട്ടിയാണ് കുഞ്ഞിന് ജന്മം നൽകിയത്. പെൺകുട്ടി പീഡനത്തിന് ഇരയാണെന്നു പൊലീസ് പറഞ്ഞു. കഴിഞ്ഞ 25ന് റാഞ്ചിയിലേക്ക് പോകുന്നതിനായി അമ്മയ്ക്കൊപ്പം വിമാനത്താവളത്തിലെത്തിയപ്പോഴാണ് കടുത്ത ശാരീരിക അസ്വസ്ഥതയുണ്ടായത്.
ഗർഭം അലസിയതോടെ ശുചിമുറിയിലെ ചവറ്റുകുട്ടയിൽ ഉപേക്ഷിക്കുകയായിരുന്നു എന്നാണ് ഇവർ പൊലീസിനു നൽകിയിരിക്കുന്ന മൊഴി.ചൊവ്വാഴ്ച രാത്രി 10.30ന് ശുചീകരണ തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. ഇവരാണ് പൊലീസിൽ വിവരം അറിയിച്ചതും. വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങൾ, യാത്രക്കാരുടെ വിവരങ്ങൾ എന്നിവ പരിശോധിച്ച് സംശയം തോന്നിയവരെ ചോദ്യം ചെയ്യുകയായിരുന്നു.
അമ്മയും മകളും അസ്വസ്ഥരായി ശുചിമുറിയിലേക്കു കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചു. ഇവർ ശനിയാഴ്ച റാഞ്ചിയിൽനിന്ന് തിരിച്ചെത്തിയതിന് പിന്നാലെ പൊലീസ് ചോദ്യം ചെയ്തും ഇരുവരും കുറ്റം സമ്മതിച്ചു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത പാൽഘർ സ്വദേശിക്കെതിരെ പൊലീസ് കേസെടുത്തു.