പഞ്ചാബ്: പഞ്ചാബിൽ വ്യാജ മദ്യം കഴിച്ച് 15 മരണം. 10 പേർ ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്. മരിച്ചവരിൽ ഭൂരിഭാഗവും ബ്ലോക്കിലെ ഭംഗാലി കലാൻ, തരിവാൾ, സംഘ, മാരാരി കലാൻ പ്രദേശങ്ങളിൽ നിന്നുള്ളവരാണ്. അതേസമയം മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് റിപ്പോർട്ട്.
അമൃത്സറിലെ മജിത ബ്ലോക്കിന് കീഴിലുള്ള നാല് ഗ്രാമങ്ങളിലാണ് സംഭവം. ഞായറാഴ്‌ച വൈകിട്ടാണ് സംഭവം. എല്ലാവരും ഒരേ സ്ഥലത്ത് നിന്നാണ് മദ്യം വാങ്ങിയത്. അവരിൽ ചിലർ തിങ്കളാഴ്‌ച രാവിലെ മരിച്ചു, പൊലീസിനെ അറിയിക്കാതെ നാട്ടുകാർ അവരെ സംസ്‌കരിച്ചു. ചിലർ യഥാർഥ കാരണം മറച്ചുവച്ചുകൊണ്ട് ഹൃദയാഘാതം മൂലമാണ് മരിച്ചതെന്ന് പറഞ്ഞത്. തിങ്കളാഴ്‌ച വൈകിട്ടാണ് മരണങ്ങളെക്കുറിച്ച് ഞങ്ങൾക്ക് വിവരം ലഭിച്ചതെന്ന് മജിത എസ്എച്ച്ഒ ആബ്‌താബ് സിങ് പറഞ്ഞു.
അമൃത്സർ ഡിസി സാക്ഷി സാഹ്നി ആശുപത്രി സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തുകയും മരണസംഖ്യ സ്ഥിരീകരിക്കുകയും ചെയ്‌തു. രണ്ട് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പ്രധാന വിതരണക്കാരായ പ്രഭ്ജിത് സിംഗ്, സാഹിബ് സിങ് എന്നിവരെ രാജസാൻസിയിൽ നിന്ന് അറസ്റ്റ് ചെയ്‌തതായും പഞ്ചാബ് സർക്കാർ വക്താവ് പറഞ്ഞു.വിതരണക്കാരിൽ നിന്ന് മദ്യം വാങ്ങി ഗ്രാമങ്ങളിൽ വിതരണം ചെയ്ത മറ്റ് നാല് പ്രതികളെയും അറസ്റ്റ് ചെയ്‌തിട്ടുണ്ട്.