കൊച്ചി: അമ്മയും ആൺ സുഹൃത്തും ചേർന്നു പ്രായപൂർത്തിയാകാത്ത കുട്ടിയെ ക്രൂരമായി മർദിച്ചു പരുക്കേൽപിച്ചെന്ന പിതാവിന്റെ പരാതിയിൽ പോലീസ് കേസെടുത്തു. തുടർന്നു പ്രതികളെ ഇന്നലെ വൈകിട്ട് പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്യുകയാണെന്നും തുടർനടപടിയുണ്ടാകുമെന്നും പോലീസ് അറിയിച്ചു. എട്ടാം ക്ലാസിൽ പഠിക്കുന്ന പന്ത്രണ്ടു വയസുകാരനാണു ക്രൂരമായി മർദനമേറ്റത്.
കഴിഞ്ഞ കുറച്ചുനാളുകളായി ഭർത്താവുമായി പിരിഞ്ഞു കഴിയുകയാണ് യുവതി. കലൂരിലെ ഫ്ലാറ്റിലാണു കുട്ടിക്കൊപ്പം ഇവർ താമസിച്ചിരുന്നത്. ഇതിനിടെ ഫ്ലാറ്റിലെത്തിയ ആൺസുഹൃത്തും യുവതിയുംഒരുമിച്ചു കഴിയുന്നതിനെ കുട്ടി എതിർത്തതിലുള്ള വൈരാഗ്യമാണു മർദനത്തിനു പിന്നിൽ. രാത്രി കുട്ടി അമ്മയ്ക്കൊപ്പം കിടന്നതും പ്രകോപനമായി.
കലികയറിയ അമ്മയുടെ സുഹൃത്ത് കുട്ടിയുടെ കൈ പിടിച്ചു തിരിച്ചു. തല ഭിത്തിയിലും ശുചിമുറിയുടെ വാതിലിലും ഇടിപ്പിച്ചു. അമ്മ കുട്ടിയുടെ നെഞ്ചിൽ മാന്തി മുറിവേൽപിച്ചു. സംഭവമറിഞ്ഞു സ്ഥലത്തെത്തിയ അച്ഛൻ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പോലീസിൽ പരാതി നൽകുകയായിരുന്നു.














































