തിരുവനന്തപുരം: പീഡനപരാതിയിൽ നടൻ സിദ്ദിഖ് അന്വേഷണസംഘത്തിന് മുന്നിൽ ഹാജരായി. നാർകോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർക്ക് മുന്നിലാണ് ഹാജരായത്. മകൻ ഷഹീൻ സിദ്ദിഖിനൊപ്പമാണ് താരം സ്റ്റേഷനിലെത്തിയത്. സുപ്രീം കോടതിയുടെ ജാമ്യവ്യവസ്ഥയുടെ ഭാഗമായാണ് നടൻ ഹാജരായത്. സിദ്ദിഖിന്റെ അറസ്റ്റ് രേഖപ്പെടുത്തി വിചാരണകോടതിയിൽ ഹാജരാക്കി ജാമ്യം നൽകണമെന്ന വ്യവസ്ഥ നടപ്പിലാക്കിയേക്കുമെന്നാണ് വിവരം.
കേസിൽ സിദ്ദിഖിന് സുപ്രീം കോടതി നവംബർ 19ന് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. സിദ്ദിഖ് അന്വേഷണത്തോടു സഹകരിക്കണമെന്നും പാസ്പോർട്ട് കോടതിയിൽ ഹാജരാക്കണമെന്നുമുള്ള ഉറപ്പിലായിരുന്നു മുൻകൂർ ജാമ്യം. അതിജീവിതയായ നടി പരാതി നൽകിയത് 8 വർഷത്തിനു ശേഷമാണെന്നതു ചൂണ്ടിക്കാട്ടിയാണു കോടതി സിദ്ദിഖിന് മുൻകൂർ ജാമ്യം അനുവദിച്ചത്. പൊലീസ് സിദ്ദിഖിനെ അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിടണമെന്നും നിർദേശിച്ചിരുന്നു. അതുകൊണ്ടു തന്നെ കോടതിയിൽ ഹാജരാക്കിയ ശേഷം ഇന്നു തന്നെ സിദ്ദിഖിനെ ജാമ്യത്തിൽ വിട്ടേക്കും.
അന്വേഷണ സംഘത്തിനു തിരിച്ചടിയാകുന്ന തീരുമാനമാണു സുപ്രീംകോടതിയിൽ നിന്നുണ്ടായത്. സിദ്ദിഖിനു ജാമ്യം നൽകിയാൽ സമാനമായ മറ്റു കേസുകളെയും ബാധിക്കുമെന്നു സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ വാദിച്ചിരുന്നെങ്കിലും ഇതെല്ലാം തള്ളിയാണു കോടതി നടന് മുൻകൂർ ജാമ്യം അനുവദിച്ചത്. ഇരയായ യുവതി പരാതി നൽകാൻ 8 വർഷം വൈകിയതെന്തുകൊണ്ടെന്നു നേരത്തേയും സുപ്രീംകോടതി ചോദിച്ചിരുന്നു.
സംഭവം നടക്കുമ്പോൾ പരാതിക്കാരിക്ക് 21 വയസ്സ് മാത്രമായിരുന്നു പ്രായമെന്നും സിദ്ദിഖ് അക്കാലത്ത് സിനിമയിലെ ശക്തനായിരുന്നു എന്നുമാണു റിപ്പോർട്ടിൽ സർക്കാർ വിശദീകരിച്ചത്. ‘മീ ടൂ’ വിവാദം ഉയർന്ന കാലത്ത് തന്റെ അനുഭവത്തിന്റെ ചെറിയ ഭാഗം നടി സമൂഹമാധ്യമത്തിലൂടെ വെളിപ്പെടുത്തിയെങ്കിലും സൈബർ ആക്രമണം കാരണം നിശ്ശബ്ദയായി. ഈ സാഹചര്യത്തിൽ പരാതി നൽകാൻ വൈകിയത് അനുഭാവപൂർവം പരിഗണിക്കണമെന്നായിരുന്നു സർക്കാർ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിരുന്നത്.
















































