തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടരവയസുകാരിയെ കിണറ്റിലെറിഞ്ഞ കൊലപ്പെടുത്തിയ കേസിലെ പ്രതി ഹരികുമാറിനെതിരെ പൊലീസിന്റെ നിർണായക കണ്ടെത്തൽ. കേസിൽ ഹരികുമാറിന് മാത്രമാണ് പങ്ക് എന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഹരികുമാർ കുറ്റം സമ്മതിച്ചതായി കഴിഞ്ഞ ദിവസം പൊലീസ് വെളിപ്പെടുത്തിയിരുന്നു.
പ്രതി ഹരികുമാറും സഹോദരി ശ്രീതുവും തമ്മിൽ അസ്വഭാവികമായ ബന്ധം ഉണ്ടായിരുന്നതായും കുഞ്ഞ് തടസ്സമായതിനാലാണ് കിണറ്റിൽ എറിഞ്ഞതെന്നുമാണ് മൊഴി. കൊല നടക്കുന്ന ദിവസവും വഴിവിട്ട ബന്ധത്തിന് ശ്രീതുവിനെ പ്രേരിപ്പിച്ചിരുന്നു. വാട്സാപ്പ് സന്ദേശത്തിലൂടെ മുറിയിലേക്ക് വരാൻ ഹരികുമാർ ആവശ്യപ്പെട്ടു. ഇതനുസരിച്ച് ശ്രീതു മുറിയിൽ എത്തിയെങ്കിലും കുഞ്ഞ് കരഞ്ഞതിനാൽ തിരികെ പോയി. ഇത് ഹരികുമാറിനെ ചൊടിപ്പിച്ചിരുന്നുവെന്നും ഇതാണ് കൊലയ്ക്ക് കാരണമായതെന്നുമാണ് പൊലീസ് വ്യക്തമാക്കുന്നത്.
ആറു ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിച്ചതോടെ ഇന്നലെ ഹരികുമാറിനെ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കി. ഇയാളെ വീണ്ടും ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്. സാമ്പത്തിക തട്ടിപ്പിൽ അറസ്റ്റിലായ കുട്ടിയുടെ മാതാവ് ശ്രീതുവിനെ ഉൾപ്പെടെ ഒപ്പമിരുത്തി നിരവധി തവണ ചോദ്യം ചെയ്തിരുന്നു. അമ്മയ്ക്കും കൊലയിൽ പങ്കുണ്ടോ എന്നുള്ള കാര്യം ഉറപ്പുവരുത്താനായിരുന്നു ചോദ്യം ചെയ്യൽ.
ഇതിനൊടുവിലാണ് ഹരികുമാറിന് മാത്രമാണ് സംഭവത്തിൽ പങ്കെന്ന് വ്യക്തമായത്. കേസിൽ ഉടൻ കുറ്റപത്രം സമർപ്പിക്കാനൊരുങ്ങുകയാണ് പൊലീസ്. ജനുവരി 30നായിരുന്നു ദേവേന്ദു എന്ന രണ്ടര വയസ്സുകാരിയെ കിണറ്റിൽ എറിഞ്ഞു കൊന്നത്. നാടിനെ നടുക്കിയ സംഭവം പുറംലോകമറിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ തന്നെ പ്രതിയെ പൊലീസിന് കണ്ടെത്താൻ കഴിഞ്ഞുവെങ്കിലും ഒട്ടേറെ ദുരൂഹതകൾ അവശേഷിച്ചിരുന്നു.