ഹൈദരാബാദ്: എലി കടിച്ചതിനെത്തുടർന്ന് പേവിഷ ബാധയ്‌ക്കെതിരായെടുത്ത വാക്സിന്റെ അളവ് കൂടി പത്താം ക്ലാസ് വിദ്യാർഥിനിയുടെ ശരീരം തളർന്നതായി പരാതി. ഖമ്മം പട്ടണത്തിലെ ദാനവായിഗുഡേം ബിസി റസിഡൻഷ്യൽ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനി സമുദ്ര ലക്ഷ്മി ഭവാനി കീർത്തിയുടെ ഒരു കാലും ഒരു കൈയുമാണ് തളർന്നത്. കുട്ടി ഇപ്പോൾ ഖമ്മത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ഭവാനി കീർത്തിയെ മാർച്ചിനും നവംബറിനും ഇടയിൽ 15 തവണയാണ് സ്കൂളിൽ നിന്ന് എലി കടിച്ചത്. നിരവധി കുട്ടികൾക്ക് ഇക്കാലയളവിൽ എലിയുടെ കടിയേറ്റിരുന്നു. കടിയേറ്റ കുട്ടികൾക്കെല്ലാം ആന്റി റാബിസ് വാക്സിൻ നൽകുകയും ചെയ്തിരുന്നു. എന്നാൽ വാക്സിൻ അമിതമായി നൽകിയതാണ് ശരീരം തളരാൻ ഇടയായതെന്നാണ് ചികിത്സിക്കുന്ന ആശുപത്രിയിലെ ഡോക്ടർമാർ പറയുന്നത്.
ഭവാനിയെ എലി കടിച്ച 15 തവണയും സ്‌കൂൾ അധികൃതർ വാക്‌സിൻ നൽകി. കുത്തിവയ്പ്പ് നൽകുമ്പോൾ കൈ വേദനയെക്കുറിച്ച് അവൾ പരാതിപ്പെട്ടിരുന്നു. ഡോക്ടർമാർ അവൾക്ക് ഓവർഡോസ് നൽകി. മറ്റ് വിദ്യാർഥികൾക്ക് എലിയുടെ കടി നിസാരമായതിനാൽ അവർക്ക് ഒരു ഡോസ് മാത്രമാണ് നൽകിയത്. സ്‌കൂൾ അധികൃതരുടെ അനാസ്ഥയാണ് മകളുടെ ഈ അവസ്ഥയ്ക്ക് കാരണമെന്നും കുട്ടിയുടെ അമ്മ സമുദ്ര ബിന്ദു പറഞ്ഞു.
ഓരോ തവണ എലി കടിച്ചപ്പോഴെല്ലാം അധ്യാപകർ പണം സംഘടിപ്പിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയി വാക്‌സിനെടുക്കുകയായിരുന്നെന്നും ജീവനക്കാർ അമ്മയെ പോലും അറിയിച്ചില്ലെന്നും വിദ്യാർഥിനി കീർത്തി പറഞ്ഞു. വലതുകാലിനും കൈയ്ക്കും വേദന അനുഭവപ്പെട്ട് നടക്കാൻ കഴിയാതെ വന്നപ്പോൾ അമ്മയെ അറിയിക്കുകയും, അമ്മ ഹോസ്റ്റലിലെത്തി കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. കീർത്തിയുടെ കാലിൽ അണുബാധയുണ്ടെന്നും ഇതാണ് തളർച്ചയിലേക്ക് നയിച്ചതെന്നും ഡോക്ടർമാർ പറഞ്ഞതായി കുട്ടിയുടെ അമ്മ കൂട്ടിച്ചേർത്തു.