കാക്കനാട്: തൃക്കാക്കര നഗരസഭയിൽ ബൂത്ത് ലെവൽ ഓഫീസർ കോൺഗ്രസ് സ്ഥാനാർത്ഥിയാകുന്നു. കഴിഞ്ഞ ദിവസം വരെ എന്യൂമറേഷൻ ഫോമുകളുമായി വീടുകളിലെത്തിയ റസീന ജലീൽ ഇനിയെത്തുക വോട്ടുതേടി. തൃക്കാക്കര നിയോജക മണ്ഡലം 125-ാം ബൂത്തിലെ ബിഎൽഒയായ റസീന ജലീലാണ് കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കുക. തൃക്കാക്കര നഗരസഭയിലെ വിഎം നഗർ വാർഡിൽ നിന്നാണ് റസീന ജനവിധി തേടുക. അതേസമയം റസീനയുടെ എതിരാളിയായെത്തുന്നത് സിറ്റിങ് കൗൺസിലറും സിപിഐഎം ഏരിയാ കമ്മിറ്റി അംഗവുമായ അജുന ഹാഷിമാണ്.
ആശാവർക്കർ എന്ന നിലയിലായിരുന്നു റസീനയെ ബിഎൽഒയായി നിയമിച്ചത്. ഇതിനകം അറുന്നൂറോളം പേർക്ക് എന്യൂമറേഷൻ ഫോമുകൾ വിതരണം ചെയ്തു. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനാൽ ബിഎൽഒ ചുമതലയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് റസീന കളക്ടർക്ക് കത്ത് നൽകിയിട്ടുണ്ട്. 125-ാം ബൂത്തിൽ പുതിയ ബിഎൽഒയെ നിയമിക്കുമെന്ന് മണ്ഡലത്തിന്റെ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടർ വി ഇ അബ്ബാസ് പറഞ്ഞു.


















































