കൊച്ചി: നടൻ സൗബിൻ ഷാഹിറിന്റെ പറവ ഫിലിംസ് നികുതി വെട്ടിപ്പ് നടത്തിയെന്ന് ആദായനികുതി വകുപ്പിന്റെ പ്രാഥമിക കണ്ടെത്തൽ. മഞ്ഞുമ്മൽ ബോയ്‌സ് സിനിമയുടെ വരുമാനത്തിൽനിന്ന് നാൽപ്പത് കോടിയുടെ നികുതി വെട്ടിപ്പ് നടത്തിയെന്ന് ഐടി വകുപ്പ്. കേരളത്തിനകത്തും പുറത്തുമുള്ള സിനിമയിൽ നിന്നുള്ള വരുമാനം 140 കോടിയാണ്. എന്നാൽ വരവ് ചെലവ് കണക്കുകളിൽ പൊരുത്തക്കേടുകൾ കണ്ടെത്തിയതായി ഐടി വൃത്തങ്ങൾ വെളിപ്പെടുത്തു.
ആദായനികുതി വകുപ്പിന്റെ പരിശോധനകളിൽ വ്യക്തമാവുന്നത് കേരളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ കിട്ടിയ സിനിമയാണ് മഞ്ഞുമ്മൽ ബോയ്‌സ് എന്നാണ്. ഈ സിനിമയിലൂടെ നിർമാതാക്കൾക്ക് ലഭിച്ചത് 140 കോടി രൂപയാണ്. എന്നാൽ അതിൽ 60 കോടി രൂപയുടെ വരുമാനം മറച്ചുവെച്ചുവെന്നാണ് ആദായനികുതി വകുപ്പിന്റെ പ്രാഥമിക കണ്ടെത്തൽ. കൂടാതെ ആദായനികുതി റിട്ടേൺ കാണിക്കുന്നതിൽ വീഴ്ചവരുത്തിയെന്നും കണ്ടെത്തിയിട്ടുണ്ട്.
സംഭവത്തിൽ സൗബിനെ നേരിട്ട് വിളിപ്പിച്ച് വിശദീകരണം തേടും. പറവ ഫിലിംസിൽ ആധായനികുതി വകുപ്പ് നടത്തുന്ന റെയ്ഡ് ഇന്നും തുടരുകയാണ്. ഇന്നലെ ഏഴു കേന്ദ്രങ്ങളിലാണ് പരിശോധനകൾ നടന്നത്. സിനിമാ മേഖലയിൽ കള്ളപ്പണമിടപാട് നടക്കുന്നുവെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നേരത്തേ പരാതി ലഭിച്ചിരുന്നു. തുടർന്ന് സിനിമാ നിർമാണ കമ്പനികളെ കേന്ദ്രീകരിച്ച് ഇഡി അന്വേഷണം നടത്തി വരികയായിരുന്നു.
ഈ ഘട്ടത്തിലാണ് മഞ്ഞുമ്മൽ ബോയ്സ് എന്ന സൂപ്പർ ഹിറ്റ് സിനിമയുടെ നിർമാതാക്കളായ സൗബിനെതിരേയടക്കം ആലപ്പുഴ അരൂർ സ്വദേശി സിറാജ് വലിയവീട്ടിൽ പരാതി നൽകുന്നത്. ചിത്രത്തിന്റെ നിർമാതാക്കളായ പറവ ഫിലിംസുമായി ബന്ധപ്പെട്ടവർ ലാഭ വിഹിതമോ, മുടക്കുമുതലോ നൽകാതെ ചതിച്ചെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.
ഇതേ തുടർന്നു നടത്തിയ അന്വേഷണത്തിൽ ഗുരുതരമായ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നായിരുന്നു പോലീസ് കണ്ടെത്തൽ. ഈ റിപ്പോർട്ട് പോലീസ് ഹൈക്കോടതിയിൽ സമർപ്പിച്ചു. പോലീസ് റിപ്പോർട്ടിന്റെ പശ്ചാത്തലാണ് ആദായനികുതി വകുപ്പ് നടപടിയെടുത്തത്.

















































