തിരുവനന്തപുരം: മംഗലപുരത്ത് 69 കാരി കൊല്ലപ്പെട്ട സംഭവത്തിൽ ബലാത്സംഗം നടന്നതായി പോസ്റ്റുമോർട്ടം റിപ്പോർട്ട്. ചൊവ്വാഴ്ച രാവിലെയാണ് ഭിന്നശേഷിക്കാരിയായ വയോധികയെ വീടിനടുത്തുള്ള പുരയിടത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മോഷണ ശ്രമത്തിനിടയിലായിരുന്നു കൊലപാതകം. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതി തൗഫീക്കിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ പോക്സോ കേസിലടക്കം പ്രതിയാണ്.
മരണപ്പെട്ട 69കാരി തനിച്ചാണ് വീട്ടിൽ താമസിച്ചിരുന്നത്. പൂജക്കായി വീട്ടിനടുത്തുള്ള പറമ്പിൽ പൂ പറിക്കാനായി പോയ ഇവർ മടങ്ങിയെത്താത്തതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. സഹോദരന്റെ വസ്തുവിനോട് ചേർന്ന പുരയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
പോലീസ് നടത്തിയ പരിശോധനയിൽ കമ്മൽ കാണാനുണ്ടായിരുന്നില്ല. വസ്ത്രങ്ങൾ കീറിപ്പറിഞ്ഞ നിലയിലായിരുന്നു. മുഖത്ത് പരിക്കുകളുമുണ്ടായിരുന്നു. മൃതദേഹം ലുങ്കി ഉപയോഗിച്ച് മറച്ച നിലയിലായിരുന്നു.