ന്യൂഡല്‍ഹി: അമേരിക്കയുമായുളള നയതന്ത്രബന്ധം വഷളായി തുടരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം അവസാനം നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ പൊതുസമ്മേളനത്തില്‍ സംസാരിച്ചേക്കില്ല. പുതിയ പട്ടിക പ്രകാരം, ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ സെപ്റ്റംബര്‍ 27-ന് സംസാരിക്കും. പുതുക്കിയ താല്‍ക്കാലിക പ്രസംഗകരുടെ പട്ടികയിലാണ് ഈ നിര്‍ദേശം.
ജൂലൈയില്‍ ഇറക്കിയ പട്ടികയില്‍ പ്രധാനമന്ത്രി മോദി സെപ്റ്റംബര്‍ 26-ന് പ്രസംഗിക്കുമെന്നാണ് അറിയിച്ചിരുന്നത്. പൊതുസമ്മേളനത്തിലെ പ്രസംഗകരുടെ പട്ടിക താല്‍ക്കാലികമാണ്. പ്രസംഗകരുടെയും തീയതികളിലും മാറ്റങ്ങള്‍ വരാന്‍ സാധ്യതയുണ്ട്. അതിനാല്‍ പട്ടികയില്‍ തുടര്‍ന്നും മാറ്റങ്ങളുണ്ടായേക്കാം. വര്‍ഷത്തിലെ ഏറ്റവും തിരക്കേറിയ നയതന്ത്ര കാലഘട്ടമായാണ് യുഎന്‍ പൊതുസഭാ സമ്മേളനം കണക്കാക്കുന്നത്. സെപ്റ്റംബര്‍ 9-ന് യുഎന്‍ പൊതുസഭയുടെ 80-ാമത് സമ്മേളനം ആരംഭിക്കും. സെപ്റ്റംബര്‍ 23 മുതല്‍ 29 വരെയാണ് ഉന്നതതല പൊതുചര്‍ച്ച നടക്കുന്നത്. ബ്രസീലാണ് എപ്പോഴും ആദ്യ പ്രസംഗകന്‍. പിന്നാലെ അമേരിക്കയും പ്രസംഗിക്കും.
സെപ്റ്റംബര്‍ 23-ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് യുഎന്‍ പൊതുസഭയില്‍ ലോക നേതാക്കളെ അഭിസംബോധന ചെയ്യും. ഇത് അദ്ദേഹത്തിന്റെ രണ്ടാം ഊഴത്തിലെ ആദ്യത്തെ യുഎന്‍ പ്രസംഗമാണ്. ഇസ്രായേല്‍, ചൈന, പാകിസ്താന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുടെ തലവന്‍മാരും സെപ്റ്റംബര്‍ 26-ന് പൊതുചര്‍ച്ചയില്‍ സംസാരിക്കും. ഇസ്രയേല്‍-ഹമാസ് യുദ്ധവും, യുക്രെയ്ന്‍ സംഘര്‍ഷവും തുടരുന്നതിനിടെ ആണ് ഈ വര്‍ഷത്തെ സമ്മേളനം നടക്കുന്നത്. ‘ഒരുമിച്ച് പുരോഗതി: സമാധാനം, വികസനം, മനുഷ്യാവകാശം എന്നിവയ്ക്കായി 80 വര്‍ഷവും അതിലധികവും’ എന്നതാണ് 80-ാം സമ്മേളനത്തിന്റെ പ്രമേയം.