കോഴിക്കോട്: ചേവരമ്പലത്ത് ആരുമില്ലാത്ത സമയത്ത് ഡോക്ടറുടെ വീട് കുത്തിത്തുറന്ന് 45 പവൻ മോഷ്ടിച്ച കേസിൽ പിടികൂടിയ അന്തർ സംസ്ഥാന മോഷ്ടാവ് റിമാൻഡിൽ. സെപ്തംബർ 28ന് കോഴിക്കോട് മെഡിക്കൽ കോളേജിലെ അനസ്തേഷ്യ വിഭാഗം ഡോക്ടറായ ഗായത്രിയുടെ വീട്ടിൽ കയറി 45 പവൻ മോഷ്ടിച്ച കേസിൽ പശ്ചിമബംഗാൾ സ്വദേശി തപസ് കുമാർ സാഹയെയാണ് റിമാൻഡ് ചെയ്തത്.
ഡോക്ടറുടെ മുത്തശി മരിച്ചതിനെ തുടർന്നു സെപ്തംബർ 11 മുതൽ വീട് പൂട്ടിക്കിടക്കുകയായിരുന്നു. തിരുവനന്തപുരത്തായിരുന്ന ഡോക്ടർ തിരിച്ചുവന്നു നോക്കിയപ്പോഴാണ് മോഷണവിവരമറിഞ്ഞത്. സിസിടിവി ദൃശ്യങ്ങൾ പ്രകാരം 28നു പുലർച്ചെ 1.55ഓടെയാണ് മോഷ്ടാവ് വീട്ടിലേക്ക് പ്രവേശിച്ചത്. വീടിന് മുൻവശത്തെ വാതിൽ തുറന്നാണ് അലമാരയിലും മേശയിലുമായി സൂക്ഷിച്ച 45 പവനോളം മോഷ്ടിച്ച് കടന്നുകടന്നുകളയുകയായിരുന്നു.
സിസിടിവിയിൽ നിന്നു കിട്ടിയ ദൃശ്യങ്ങൾ പ്രകാരം നടത്തിയ അന്വേഷണത്തിൽ അന്തർ സംസ്ഥാന മോഷ്ടാവായ തപസ് കുമാറിനെ അതിവിദഗ്ധമായാണ് ചേവായൂർ പോലീസ് ബംഗാളിൽ നിന്ന് പിടികൂടിയത്. പശ്ചിമ ബംഗാളിലെ റാണഘട്ടിൽ മാത്രം ഇയാളുടെ പേരിൽ നാല് കേസുകളുണ്ട്. കൂടാതെ ഗുജറാത്ത്, തമിഴ്നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ മോഷണക്കേസുകളിലെയും പ്രതിയാണ് ഇയാൾ.
അതേസമയം ഗൂഗിൾ മാപ്പ് നോക്കി വിവിധ റെസിഡൻസ് ഏരിയകളിലൂടെ സഞ്ചരിച്ച് ചേവരമ്പലത്ത് എത്തിയാണ് തപസ് കുമാർ മോഷണം നടത്തിയത്. മോഷണത്തിന് ശേഷം നിർമ്മാണത്തിലിരുന്ന ഒരു വീട്ടിൽ കിടന്നുറങ്ങിയതിന് ശേഷം പുലർച്ചെ രക്ഷപ്പെടുകയായിരുന്നു. പശ്ചിമബംഗാളിൽ നിന്ന് കോഴിക്കോട് എത്തിയ ദിവസം തന്നെയായിരുന്നു തപസ് കുമാർ മോഷണത്തിനായി തെരഞ്ഞെടുത്തതെന്ന് പോലീസ് പറഞ്ഞു.