ബെംഗളൂരു: അനുമതിയില്ലാതെ വനമേഖലയിൽ ചിത്രീകരണം നടത്തിയതിനു കന്നഡ സിനിമ ‘കാന്താര ചാപ്റ്റർ വണ്ണിന്റെ’ നിർമാതാക്കൾക്കു വനം വകുപ്പ് 50,000 രൂപ പിഴ ചുമത്തി. വനത്തിൽ സെറ്റിടാൻ അപേക്ഷ നൽകിയ ഹൊംബാല ഫിലിംസ് അനുമതി ലഭിക്കുന്നതിനു മുൻപേ ഇതിനുള്ള സാമഗ്രികൾ കാട്ടിൽ എത്തിച്ചതിനാണ് നടപടി.
വനമേഖലയിൽ സ്ഫോടനം നടത്തിയെന്നും മരം മുറിച്ചെന്നും ആരോപിച്ച് നാട്ടുകാരും സിനിമയുടെ അണിയറ പ്രവർത്തകർക്കെതിരെ രംഗത്തെത്തി. ചട്ടങ്ങൾ ലംഘിച്ചുള്ള ചിത്രീകരണം വനമേഖലയെ നശിപ്പിച്ചെന്നും വന്യജീവികളെ ദോഷകരമായി ബാധിച്ചെന്നും ഇവർ ചൂണ്ടിക്കാട്ടി. ഋഷഭ് ഷെട്ടിയുടെ ജനപ്രിയ ചിത്രം കാന്താരയുടെ രണ്ടാം ഭാഗമാണ് കാന്താര ചാപ്റ്റർ വൺ. ഒക്ടോബർ 2ന് സിനിമ റിലീസ് ചെയ്യുമെന്നാണു പ്രഖ്യാപിച്ചിട്ടുള്ളത്.