കൊച്ചി: സെന്‍ട്രൽ ജിഎസ്ടി ഓഫിസിലെ അഡീഷണൽ കമ്മിഷണർ മനീഷ് വിജയ് (43), സഹോദരി ശാലിനി വിജയ് (49), അമ്മ ശകുന്തള അഗർവാൾ (77) എന്നിവരുടേത് തൂങ്ങിമരണമെന്ന് പോസ്റ്റ്‍മോർട്ടം റിപ്പോര്‍ട്ട് പറയുമ്പോഴും ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ബാക്കി. എന്താണ് ഇവരുടെ ആത്മഹത്യയിലേക്ക് നയിച്ചത് എന്നതാണ് അതിലൊന്ന്. മറ്റൊന്ന് അമ്മ ശകുന്തള ദേവി സ്വയം തൂങ്ങി മരിച്ചതാണോ എന്നതും. മികച്ച ജീവിത സാഹചര്യങ്ങളുണ്ടായിട്ടും കേസും അതു സമ്മാനിച്ച കടുത്ത നിരാശയുമായിരിക്കാം ഇത്തരമൊരു വഴി തിരഞ്ഞെടുക്കാൻ മൂവരേയും പ്രേരിപ്പിച്ചതെന്നു കരുതുമ്പോഴും എന്തുകൊണ്ടാണിവർ പെട്ടെന്ന് ആത്മഹത്യയിലേക്ക് തിരിഞ്ഞത് എന്ന ചോദ്യം ബാക്കിയാകുന്നു.
ഫെബ്രുവരി 13നാണ് ജാർഖണ്ഡ് പബ്ലിക് സർവീസ് കമ്മിഷന്റെ സംസ്ഥാന സർവീസ് പരീക്ഷയുമായി ബന്ധപ്പെട്ട കേസിൽ ഹാജരാകാൻ ശാലിനിക്ക് സമൻസ് ലഭിച്ചത് എന്നാണ് വിവരം. അന്നാണ് മനീഷ് താൻ സഹോദരിയുടെ ആവശ്യത്തിനായി നാട്ടിലേക്കു പോകുന്നു എന്നും ഒരാഴ്ച അവധിയിലായിരിക്കും എന്നും ഓഫിസിൽ അറിയിക്കുന്നത്. അതിനുശേഷം എന്താണ് സംഭവിച്ചതെന്നത് ദുരൂഹമാണ്. ഫെബ്രുവരി 20ന് അമ്മയെ ഡോക്ടറെ കാണിക്കാൻ അപ്പോയ്മെന്റ് എടുക്കുകയും ഇക്കാര്യം ഡ്രൈവറോട് പറയുകയും ചെയ്തിരുന്നു എന്നതുകൊണ്ടു തന്നെ ആത്മഹത്യ പെട്ടെന്നുണ്ടായ തീരുമാനങ്ങളുടെ ഫലമാകാനാണ് സാധ്യത.
ശാലിനി ഉൾപ്പെടെ 2006 ബാച്ചില്‍ നിയമനം കിട്ടിയവർ മുഴുവൻ കേസിൽ പ്രതി ചേർക്കപ്പെട്ടിരുന്നു. ഇതിന്റെ വിചാരണയ്ക്ക് ഹാജരാകുന്നതു മൂലമുള്ള മാനസിക സമ്മര്‍ദം താങ്ങാതെ ജീവനൊടുക്കിയതാണോ എന്നതിന് തെളിവുകളൊന്നും ബാക്കിയായിട്ടുമില്ല. 14നാണ് ഇവർ ഓൺലൈൻ വഴി പൂക്കൾ വാങ്ങുന്നത്. അമ്മ മരിച്ച ശേഷം മൃതദേഹത്തിൽ വിതറിയിരുന്നത് ഈ പൂക്കളായിരുന്നു. 15നാണ് എല്ലാവരുടെയും മരണം നടന്നിരിക്കുന്നത് എന്നാണ് സൂചനകൾ. വീട്ടിൽ നിത്യവും പൂജയും മറ്റും നടത്തുന്ന വിശ്വാസികളായ ഇവർ ഇതിനായും പൂക്കൾ വാങ്ങിയിരുന്നു എന്ന് വിവരമുണ്ട്.
15നാണ് മരിക്കാൻ തീരുമാനിച്ചതെങ്കിൽ അമ്മ ശകുന്തളയോടു കൂടി ആലോചിച്ച് ഇത് നടപ്പാക്കിയതാണോ? അതോ മക്കൾ അറിയാതെ അമ്മ സ്വയം മരിക്കുകയും ഇതിന്റെ ആഘാതത്തിൽ മക്കളും ജീവൻ വെടിയാൻ തീരുമാനിക്കുകയായിരുന്നോ? പ്രമേഹരോഗമടക്കം കടുത്ത ശാരീരിക അവശതകളുള്ള 77കാരിയായ ശകുന്തള ഇത്തരമൊരു കൃത്യം സ്വയം നടത്താൻ ശാരീരികമായി പ്രാപ്തയായിരുന്നോ എന്ന ചോദ്യവും ബാക്കി നിൽക്കുന്നുണ്ട്.
മനീഷിനെ രാവിലെ ഡ്രൈവറെത്തി കൂട്ടിക്കൊണ്ടുപോകുന്നതും വൈകിട്ട് തിരികെ കൊണ്ടു വിടുന്നതുമാണ് ഇവിടെയുള്ള അയൽക്കാർ ആകെ കണ്ടിട്ടുള്ളത്. ഇടയ്ക്ക് അമ്മ പുറത്തെ വരാന്തയിൽ ഇറങ്ങി ഇരിക്കുന്നതും കണ്ടിട്ടുണ്ട്. അതല്ലാതെ മറ്റാരുമായും ഇവർക്ക് കാര്യമായി അടുപ്പമുണ്ടായിരുന്നില്ല. ഒന്നര വർഷം മുമ്പാണ് മനീഷ് സ്ഥലംമാറ്റം കിട്ടി കോഴിക്കോടുനിന്ന് കാക്കനാട്ടേക്ക് എത്തുന്നത്. നാലുമാസം മുമ്പ് അമ്മയും സഹോദരിയും കൂടി എത്തി.
2006ലെ പരീക്ഷയിലും ഇന്റർവ്യൂവിലും ഇഷ്ടക്കാരെ തിരുകിക്കയറ്റിയെന്ന് ആരോപണമുയർന്ന കേസ് 2012ലാണ് സിബിഐ അന്വേഷണം ഏറ്റെടുക്കുന്നത്. 2024 നവംബറിൽ 60 പേർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. ഇത്രയും വർഷം നിയമപോരാട്ടം നടത്തിയിട്ടും വിചാരണ സമയത്ത് സമ്മർദവും വിഷാദവും താങ്ങാനാവാതെ മരണം വരിച്ചു എന്നതിലും അവശ്വസനീയതയുണ്ട്. സാമ്പത്തികമായി ബുദ്ധിമുട്ടുകളൊന്നുമില്ലാത്ത കുടുംബമായിരുന്നു ഇവരുടേത്. പിതാവ് യു.സി.വിജയ് വളരെ നേരത്തെ മരിച്ചതിനെ തുടർന്ന് അമ്മ ശകുന്തളയാണ് 4 മക്കളെയും വളർത്തിയത്. ബൊക്കോറോ സ്റ്റീൽ സിറ്റിയിൽ അധ്യാപികയായിരുന്നു ശകുന്തള. ഇവരുടെ ഒരു മകൻ നേരത്തെ മരിച്ചിരുന്നു. വിവാഹിതയായി അബുദാബിയിൽ ജീവിക്കുന്ന ഇളയ മകൾ പ്രിയയാണ് ഇന്ന് കുടുംബത്തിൽ ശേഷിക്കുന്ന ഏക ആൾ. പ്രിയ എത്തിയതിനു ശേഷമാണ് പോസ്റ്റ്‍മോർട്ടം നടന്നതും.
Kakkanad customs Official and family death : Manish Vijay, his sister, and mother died, leaving behind many unanswered questions about their motives.
Death Suicide Postmortem Kerala News Ernakulam News