കൊച്ചി: എറണാകുളം പുത്തൻ കുരിശിൽ മൂന്നു മാസം മാത്രം പ്രായമുള്ള നായകുട്ടിയോട് അജ്ഞാതന്റെ കൊടും ക്രൂരത. കൂട്ടിൽ ഇട്ടിരുന്ന നായക്കുട്ടിയുടെ മുഖത്തും വായിലും കെമിക്കൽ ലായനി ഒഴിച്ചു. പുത്തൻ കുരിശ് മോനിപ്പള്ളി സ്വദേശിനിയുടെ നയനയുടെ കൂട്ടിൽ പൂട്ടിയിട്ട ഇന്ത്യൻ സ്പിറ്റ്സ് വിഭാഗത്തിൽപ്പെട്ട നായക്കുട്ടിയാണ് ഈ കൊടും ക്രൂരതക്ക് ഇരയായത്. രാസ ലായനി മുഖത്തേക്ക് ഒഴിച്ചതോടെ നായയുടെ കാഴ്ച നഷ്ടപ്പെട്ടു. മാത്രമല്ല ആന്തരിക അവയവങ്ങൾക്കും പൊള്ളൽ ഏറ്റിട്ടുണ്ട്.
അതേസമയം കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. വീട്ടുകാർ നായയ്ക്കു ഭക്ഷണം കൊടുത്ത് കൂട്ടിലാക്കിയ ശേഷം പുറത്ത് പോയി തിരികെ എത്തിയ സമയത്താണ് ഓമനിച്ച് വളർത്തുന്ന പൂപ്പി എന്ന പട്ടിക്കുട്ടിയെ ഗുരുതരമായി പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. ആദ്യം ഒന്നു പേടിച്ചെങ്കിലും പോലീസിൽ വിവരം അറിയിച്ചു. പോലീസെത്തി ഇവരോട് നായക്കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ നിർദ്ദേശിക്കുകയായിരുന്നു.
രാസലായനി വീണു നായയുടെ മുഖത്തും കൈകളിലുമാണ് പരുക്കേറ്റത്. കൂടാതെ രാസലായനി വായയുടെ ഉള്ളിൽ വരെ ചെന്നിട്ടുണ്ട്. കിഡ്നി, ലിവർ അടക്കമുള്ള ആന്തരിക അവയവങ്ങൾക്ക് തകരാറായിട്ടുണ്ട്. ഒരു കണ്ണിൻറെ കാഴ്ച പോയിട്ടുണ്ടെന്നും നായയുടെ ഉടമസ്ഥ നയന പറഞ്ഞു. എന്തെങ്കിലും ബലൂണിൽ രാസലായനി നിറച്ച് പട്ടിക്കുട്ടിക്ക് മുന്നിലിട്ടതാകാമെന്നാണ് ഒരു സാധ്യത. അല്ലെങ്കിൽ പുറത്ത് നിന്നുള്ള ആരെങ്കിലും മുഖത്തേക്ക് രാസലായനി സ്പ്രേ ചെയ്തതാകാമെന്നും നായയെ പരിശോധിച്ച ഡോക്ടർമാർ പറയുന്നു.
അതേസമയം പരിസരത്തെ ചിലരുമായി നായയെ വളർത്തുന്നതിനെ ചൊല്ലി പ്രശ്നം ഉണ്ടായിരുന്നു. രണ്ട് മാസം പ്രായമുള്ള പപ്പി കടിക്കുന്നുവെന്ന് ചിലർ പരാതി പറഞ്ഞിരുന്നു. എന്നാൽ നായക്കുട്ടി ആരെയും ഉപദ്രവിച്ചിരുന്നില്ല, ശാന്തനായ നായക്കുട്ടിയായിരുന്നുവെന്ന് നയന പറയുന്നു. ആക്രമണത്തിന് പിന്നിൽ അയൽവാസികളുടെ പങ്കുണ്ടെന്നാണ് കുടുംബത്തിൻറെ സംശയം. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.