തൃശൂര്‍ : കുന്നംകുളത്ത് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ്‌റ് സുജിത്തിനെ പൊലീസുകാര്‍ മര്‍ദിച്ച സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം. സുജിത്തിനെ മര്‍ദിച്ച സിപിഒ സജീവന്റെ തൃശൂര്‍ മാടക്കാത്തറയിലെ വീട്ടിലേക്കും മാര്‍ച്ച് നടത്തി. ഇവന്‍ നാടിന് അപമാനം എന്നെഴുതിയ പോസ്റ്ററില്‍ സുജിത്തിന്റെ ചിത്രമടക്കം പതിപ്പിച്ചാണ് പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തുന്നത്.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വീടിന് സമീപമുള്ള പ്രധാന കവലയില്‍ പൊലീസ് ക്രിമിനലുകള്‍ നാടിന് അപമാനം എന്ന പോസ്റ്റര്‍ പതിച്ചു. മണ്ണൂത്തി സ്റ്റേഷനില്‍ നിന്ന് പൊലീസുകാര്‍ എത്തി സിപിഒ സജീവന്റെ വീട്ടില്‍ വലിയ സുരക്ഷ ഏര്‍പ്പെടുത്തി. നേരത്തേ യൂത്ത്‌കോണ്‍ഗ്രസ് മലപ്പുറത്ത് സംഭവത്തിലെ വിവാദ സബ് ഇന്‍സ്പക്ടര്‍ നുഹ്‌മാന്റെ വീട്ടിലേക്കും യൂത്ത്‌കോണ്‍ഗ്രസ് മാര്‍ച്ച് നടത്തിയിരുന്നു. മാര്‍ച്ച് തടയാന്‍ ശ്രമിച്ച പോലീസുമായി ഏറ്റുമുട്ടുകയും ലാത്തിച്ചാര്‍ജ്ജ് ഉണ്ടാകുകയും ചെയ്തിരുന്നു. സജീവനെ സര്‍വീസില്‍ നിന്ന് പുറത്താക്കും വരെ ശക്തമായ സമരം നടത്തുമെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്.
കേസില്‍ പുതിയ വെളിപ്പെടുത്തല്‍ സുജിത്തില്‍ നിന്നും ഉണ്ടായിരിക്കുകയാണ്. കേസില്‍ നിന്നും പിന്‍മാറാന്‍ പോലീസ് തനിക്ക് 20 ലക്ഷം രൂപ വാഗ്ദാനം ചെയ്‌തെന്നാണ് പുതിയ വെളിപ്പെടുത്തല്‍. മര്‍ദനദിവസം ജീപ്പ് ഓടിച്ചിരുന്ന ഡ്രൈവര്‍ സുഹൈറിനെ കേസില്‍ പ്രതിചേര്‍ത്തിട്ടില്ല. തന്നെ മര്‍ദിച്ചവരില്‍ പ്രധാനിയായിരുന്നു സുഹൈറെന്നും വി എസ് സുജിത്ത് പറയുന്നു.
സുജിത്തിനെതിരെ ക്രൂരമര്‍ദനം നടന്നുവെന്നാണ് ക്രൈം റെക്കോര്‍ഡ് ബ്യൂറോ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. സംഭവത്തില്‍ പൊലീസ് വീഴ്ച അക്കമിട്ട് നിരത്തുന്നുമുണ്ട്. കൈകൊണ്ടു മര്‍ദ്ദിച്ചു എന്ന നിസ്സാര വകുപ്പ് മാത്രമാണ് ചുമത്തിയിരിക്കുന്നത്. എന്നാല്‍ പുതിയ ദൃശ്യങ്ങള്‍ പുറത്തുവന്ന പശ്ചാത്തലത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടായേക്കും.