തിരുവനന്തപുരം: ബാങ്കിന്റെ കാന്റീനില്‍ ബീഫ് നിരോധിച്ചതിനെ തുടര്‍ന്ന് ബാങ്കിന് പുറത്ത് ബീഫും പൊറോട്ടയും വിളമ്പി ജീവനക്കാരുടെ പ്രതിഷേധം. കൊച്ചിയിലെ കാനറ ബാങ്കിന്റെ ശാഖയിലെ റീജിയണല്‍ മാനേജരാണ് ഓഫീസിലെ കാന്റീനില്‍ ബീഫ് നിരോധിച്ചത്.
അടുത്തിടെ ശാഖയില്‍ ചുമതലയേറ്റ ബീഹാര്‍ സ്വദേശിയായ അശ്വിനി കുമാര്‍ എന്ന ഡെപ്യൂട്ടി റീജിയണല്‍ മാനേജരാണ് ബീഫ് നിരോധനം കാന്റീനില്‍ നടപ്പാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ചുമതലയേറ്റതിന് ശേഷം ഇയാള്‍ ജീവനക്കാരെ ഉപദ്രവിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ബീഫ് നിരോധിച്ച വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രതിഷേധവുമായി എത്തുകയായിരുന്നു. ഭക്ഷണം എന്നത് ഭരണഘടന സംരക്ഷിക്കുന്ന വ്യക്തിപരമായ തിരഞ്ഞെടുപ്പാണെന്ന് സംഘടന പറഞ്ഞു. അതേസമയം വിഷയത്തില്‍ ബാങ്കിന്റെ കേന്ദ്ര നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല. സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കള്‍ പ്രതിഷേധത്തിന് പിന്തുണ നല്‍കി.
ഇടതുപക്ഷ പിന്തുണയുള്ള സ്വതന്ത്ര എംഎല്‍എ കെ.ടി. ജലീല്‍ സാംസ്‌കാരിക സ്വാതന്ത്ര്യത്തെ നിയന്ത്രിക്കാനുള്ള ശ്രമങ്ങളെ അപലപിച്ചു. എന്ത് ധരിക്കണം, എന്ത് കഴിക്കണം, എന്ത് ചിന്തിക്കണം എന്ന് തീരുമാനിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് അധികാരമില്ലെന്നും കേരളം സംഘികളുടെ മണ്ണല്ലെന്നും അദ്ദേഹം പറഞ്ഞു. സമാനമായ നിയന്ത്രണങ്ങള്‍ നേരിടാന്‍ സാധ്യതയുള്ള മറ്റുള്ളവര്‍ക്കും പിന്തുണ വാഗ്ദാനം ചെയ്തു.
”ഇവിടെയുള്ള മണ്ണ് ചുവപ്പാണ്. ചെങ്കൊടി പറത്തിക്കൊണ്ട് ഭയമില്ലാതെ നമുക്ക് ഫാസിസ്റ്റുകള്‍ക്കെതിരെ സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യാം. ആരും നിങ്ങളെ ഒന്നും ചെയ്യില്ല. കാരണം, കമ്യൂണിസ്റ്റുകള്‍ കൂടെയുള്ളപ്പോള്‍ കാവിക്കൊടി ഉയര്‍ത്തി ആരെയും ശല്യപ്പെടുത്താന്‍ സഖാക്കള്‍ അനുവദിക്കില്ല,” അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.