ബീജിംഗ്: ഓപ്പറേഷൻ സിന്ദൂർ അവസാനിപ്പിക്കാൻ തങ്ങൾ മധ്യസ്ഥത വഹിച്ചുവെന്ന അവകാശവാദവുമായി ചൈന. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ആണ് പുതിയ അവകാശവാദവുമായി രംഗത്ത് വന്നിരിക്കുന്നത്. നേരത്തെ മുതൽ പാക്കിസ്ഥാനുമായുള്ള സംഘർഷം അവസാനിപ്പിക്കാൻ മൂന്നാംകക്ഷി ഇടപെട്ടുവെന്ന അവകാശവാദത്തെ ഇന്ത്യ ആവർത്തിച്ച് നിരാകരിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ അവകാശവാദവുമായി ചൈന രംഗത്ത് വന്നിരിക്കുന്നത്. ഇന്ത്യ-പാക് സംഘർഷം അവസാനിപ്പിക്കാൻ മധ്യസ്ഥത വഹിച്ചെന്ന് അവകാശപ്പെട്ട് നേരത്തെ അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പലതവണ രംഗത്ത് വന്നിരുന്നു. എന്നാൽ അവകാശവാദത്തെ ഇന്ത്യ ആവർത്തിച്ച് നിഷേധിക്കുകയും ചെയ്തിരുന്നു. അതിനുശേഷവും ഈ അവകാശ വാദം ട്രംപ് ഉയർത്തുന്നുണ്ട്.
ഇന്ത്യയെ കൂടാതെ വടക്കൻ മ്യാൻമറിലെ സംഘർഷങ്ങൾ, കംബോഡിയയ്ക്കും തായ്‌ലൻഡിനും ഇടയിലുള്ള സംഘർഷങ്ങൾ, ഇറാനിയൻ ആണവ പ്രശ്‌നം എന്നിവയുൾപ്പെടെ മറ്റ് ആഗോള സംഘർഷങ്ങളുമായി ബന്ധപ്പെട്ട് ചൈന സമാധാന ചർച്ച നടത്തിയിരുന്നതായും ചൈനീസ് വിദേശകാര്യമന്ത്രി വ്യക്തമാക്കി. അന്താരാഷ്ട്ര സാഹചര്യത്തെയും ചൈനയുടെ വിദേശ ബന്ധങ്ങളെയും കുറിച്ച് ബീജിംഗിൽ നടന്ന സിമ്പോസിയത്തിൽ സംസാരിക്കുകയായിരുന്നു വിദേശകാര്യ മന്ത്രി വാങ് യി.
‘രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ഇതുവരെ ഉണ്ടായിട്ടില്ലാത്തത്ര തവണ പ്രാദേശിക യുദ്ധങ്ങളും അതിർത്തി കടന്നുള്ള സംഘർഷങ്ങളും ഈ വർഷം പൊട്ടിപ്പുറപ്പെട്ടു. ഭൗമരാഷ്ട്രീയത്തിൽ സംഘർഷം വ്യാപിച്ചുകൊണ്ടിരുന്നു. ശാശ്വതമായ സമാധാനം കെട്ടിപ്പടുക്കുന്നതിനായി സംഘർഷങ്ങളുടെ ലക്ഷ്യങ്ങളും മൂലകാരണങ്ങളും അഭിസംബോധന ചെയ്ത് കൊണ്ട് ഞങ്ങൾ വസ്തുനിഷ്ഠവും നീതിയുക്തവുമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്’. ഈ വർഷം ചൈന മധ്യസ്ഥത വഹിച്ച അപകടരമായ രാഷ്ട്രീയ പ്രശ്‌നങ്ങളുടെ പട്ടികയിൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങളും ഉൾപ്പെട്ടിട്ടുണ്ടെന്നും സിമ്പോസിയത്തിൽ വാങ് യി അവകാശപ്പെട്ടു.
‘കൂടാതെ അപകടകരമായ രാഷ്ട്രീയ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുള്ള ചൈനീസ് സമീപനം പിന്തുടർന്ന്, വടക്കൻ മ്യാൻമറിൽ, ഇറാനിയൻ ആണവ പ്രശ്‌നം, പാകിസ്ഥാനും ഇന്ത്യയും തമ്മിലുള്ള സംഘർഷങ്ങൾ, പലസ്തീനും ഇസ്രായേലും തമ്മിലുള്ള പ്രശ്‌നങ്ങൾ, കംബോഡിയയും തായ്‌ലൻഡും തമ്മിലുള്ള സമീപകാല സംഘർഷം എന്നിവയിൽ ഞങ്ങൾ മധ്യസ്ഥത വഹിച്ചു’ എന്നും വാങ് യി പറഞ്ഞു.
അതേസമയം നേരത്ത ഇന്ത്യ- പാക് സംഘർഷങ്ങളിലെ മൂന്നാംകക്ഷിയുടെ ഇടപെടൽ ഇന്ത്യ ആവർത്തിച്ച് നിഷേധിച്ചിരുന്നു. ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ മെയ് ഏഴിന് ആരംഭിച്ച സൈനിക സംഘർഷം ഇരു രാജ്യങ്ങളുടെയും സൈന്യങ്ങളുടെ ഡിജിഎംഒമാർ (ഡയറക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസ്) തമ്മിൽ നേരിട്ട് നടന്ന ചർച്ചകളിലൂടെ പരിഹരിച്ചതായിട്ടായിരുന്നു ഇന്ത്യയുടെ നിലപാട്. മെയ് 13ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വാർത്താസമ്മേളനത്തിലൂടെ ഇതിന് വ്യക്തത വരുത്തിയിരുന്നു. ഇന്ത്യയും പാക്കിസ്ഥാനും സംബന്ധിച്ച കാര്യങ്ങളിൽ മൂന്നാം കക്ഷി ഇടപെടലിന് സ്ഥാനമില്ലെന്ന മുൻ നിലപാട് ഇന്ത്യ ആവർത്തിച്ച് വ്യക്തമാക്കുന്ന സാഹചര്യത്തിലാണ് പുതിയ അവകാശവാദവുമായി ചൈന രംഗത്ത് വന്നിരിക്കുന്നത്.
ഇന്ത്യ- പാക് സംഘർഷത്തിൽ വെടിനിർത്തലിന് മുൻകൈ എടുത്തുവെന്ന ട്രംപിൻ്റെ അവകാശവാദത്തെ തള്ളുന്ന നിലപാടായിരുന്നു പ്രതിരോധ മന്ത്രി രാജ്നാഥ് സിങും സ്വീകരിച്ചത്. ഓപ്പറേഷൻ സിന്ദൂർ സംബന്ധിച്ച് ലോക്സഭയിൽ നടന്ന ചർച്ചയിലായിരുന്നു രാജ്നാഥ് സിങ്ങ് നിലപാട് വ്യക്തമാക്കിയത്. പാക്കിസ്ഥാൻ ഡിജിഎംഎ വെടിനിർത്തലിനായി അപേക്ഷിച്ചെന്നും അതിനാലാണ് വെടിനിർത്തൽ പ്രഖ്യാപിച്ചതെന്നുമായിരുന്നു രാജ്നാഥ് സിങ് ലോക്സഭയെ അറിയിച്ചത്. ലക്ഷ്യം പൂർത്തിയായതിനാലാണ് ഓപ്പറേഷൻ സിന്ദൂർ നിർത്തിയതെന്നും പ്രതിരോധ മന്ത്രി ലോക്സഭയെ അറിയിച്ചിരുന്നു.
അതേസമയം പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെയാണ് പാക്കിസ്ഥാനെതിരെ ഓപ്പറേഷൻ സിന്ദൂറുമായി ഇന്ത്യ രംഗത്തെത്തിയത്. ബഹവൽപൂർ, മുരിഡ്‌കെ അടക്കമുള്ള ഒമ്പത് ഭീകരകേന്ദ്രങ്ങളിലാണ് മെയ് ഏഴ് അർധരാത്രി ഇന്ത്യ ആക്രമണം നടത്തിയത്. ബഹാവൽപൂരിലെ ജയ്ഷെ ആസ്ഥാനമായിരുന്നു ഇന്ത്യ തകർത്തത്. മുരിഡ്കയിലെ ലഷ്കർ ആസ്ഥാനവും തകർത്തിരുന്നു. നൂറിലധികം ഭീകരേറെയാണ് ഇന്ത്യ ഓപ്പറേഷൻ സിന്ദൂരിൽ വധിച്ചത്. ഒമ്പത് ഭീകര കേന്ദ്രങ്ങൾ തകർത്തു.

















































