തൃശൂര്‍: ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരുന്നപ്പോള്‍ ഉയര്‍ന്ന പരാതികള്‍ അട്ടിമറിക്കപ്പെട്ടതും മലങ്കര ക്രെഡിറ്റ് സൊസൈറ്റി അനധികൃതമായി കൈയടക്കി കോടികള്‍ വായ്പയെടുത്തതുമടക്കം ബോബി ചെമ്മണൂരിന്റെ തട്ടിപ്പുകള്‍ എണ്ണിപ്പറഞ്ഞ് സമകാലിക മലയാളം വാരികയുടെ കവര്‍ സ്റ്റോറി ചര്‍ച്ചയാകുന്നു.
ഹണി റോസിന്റെ പരാതിക്കു പിന്നാലെ അറസ്റ്റിലായതും ജയിലില്‍ നടന്ന നാടകങ്ങളും വിവരിച്ചതിനുശേഷമാണ് ബോബിയെക്കുറിച്ചു നാമറിയാത്തതും മറന്നുപോയതുമായ കഥകള്‍ വാരിക ഓര്‍മിപ്പിക്കുന്നത്. ബോബി ചെമ്മണൂരിന്റെ പത്തിക്ക് ആദ്യമായി നിയമത്തിന്റെ അടി കിട്ടിയിരിക്കുന്നു എന്നതാണ് ഹണിയുടെ പരാതിയുടെ മര്‍മമെന്ന് വാരിക പറയുന്നു. ഇതിനുമുമ്പ് പോലീസിനും കോടതിക്കുമടക്കം മുന്നില്‍ ബോബിക്കെതിരേ തെളിവടക്കം പരാതി ലഭിച്ചിട്ടും നടപടിയുണ്ടാകാതിരുന്നപ്പോഴാണു പിണറായിയുടെ കാലത്ത് അയാള്‍ക്ക് ആറു ദിവസത്തോളം അകത്തു കിടക്കേണ്ടിവന്നതെന്നതു ചെറിയ കാര്യമല്ലെന്നും വാരിക പറയുന്നു.
നിയമ വിരുദ്ധ ഇടപാടുകള്‍ തുടങ്ങി കള്ളക്കണക്കുണ്ടാക്കി പീഡിപ്പിക്കല്‍, വിവാഹിതയായ മകളുടെ കുടുംബം തകര്‍ക്കുന്ന നിലയിലേക്കു ബോബിയുടെ ഗുണ്ടകള്‍ ഇടപെടുന്ന ഘട്ടമെത്തിയപ്പോള്‍ പിതാവിനു ബോബിയുടെ സ്വര്ണക്കടയ്ക്കുമുന്നില് തീകൊളുത്തി ആത്മഹത്യ ചെയ്യേണ്ടി വന്നതടക്കം നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി തുടങ്ങിവച്ച തൃശൂരിലെ മലങ്കര ട്രസ്റ്റ് വളഞ്ഞ വഴിക്കു സ്വന്തമാക്കിയതും സ്ത്രീപീഡന പരാതികളില്‍ വീഡിയോ തെളിവടക്കം നല്‍കിയിട്ടും ആറുവട്ടം ഗര്‍ഭഛിദ്രത്തിനു വിധേയയായ സ്ത്രീയെ മര്‍ദിക്കുന്നതു മടക്കം പരാതിയായി ലഭിച്ചിട്ടും പോലീസ് അന്വേഷിക്കാതിരുന്നതിന്റെ കഥകളുമുണ്ട്.
ബോബിയുടെ യഥാര്‍ഥ മുഖം പുറത്തുകൊണ്ടുവരാന്‍ 2015 ജൂണ്‍ നാലിനു പ്രതിപക്ഷ നേതാവായിരുന്ന വി.എസ്. അച്യുതാനന്ദന് നടത്തിയ വാര്‍ത്താ സമ്മേളനം മാധ്യമങ്ങള്‍ മുക്കിയെങ്കിലും അന്നു വിതരണം ചെയ്ത കുറിപ്പുകള്‍ ചര്‍ച്ചയായിരുന്നു. രണ്ടായിരം കോടിയോളം രൂപയുടെ തട്ടിപ്പുകള്‍ക്കുള്ള തെളിവു പോലീസിനു മുന്നിലെത്തിയിട്ടും അന്വേഷിച്ചില്ലെന്നും ചൂണ്ടിക്കാട്ടുന്നു. വി.എസിന്റെ ഓഫീസിലെത്തി നോട്ടുകെട്ടുകള്‍ നല്കാന് ശ്രമിച്ച സംഭവത്തില്‍ കര്‍ശന നടപടിക്കു നിര്‍ദേശിച്ച വി.എസിന്റെ കാലുപിടിച്ചു രക്ഷപ്പെട്ട സംഭവവും വിവരിക്കുന്നു.
ഓപ്പറേഷന് കുബേരയുടെ ഭാഗമായി അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയ്ക്കു തെളിവടക്കം നല്കിയ പരാതിയുടെ കോപ്പി വി.എസ്. മാധ്യമങ്ങള്‍ക്കു നല്‍കിയെങ്കിലും ഒന്നും സംഭവിച്ചില്ല.
തൃശൂര്‍ മണ്ണുത്തിയില്‍ 62 ഏക്കര്‍ ഭൂമിയില്‍ സ്ഥാപിക്കുമെന്നു പ്രഖ്യാപിച്ച ഓക്സിജന്‍ സിറ്റിയുടെ പിന്നിലെ മണ്ണിടിക്കല്‍ ലക്ഷ്യം പുറത്തുകൊണ്ടുവന്നതും വി.എസ് ആണെന്നു വാരികയില്‍ പറയുന്നു. ഓക്സിജന്‍ സിറ്റി പോയ വഴിയറിയില്ല. അങ്ങനെയൊരു സംരംഭത്തിനു തൃശൂര്‍ കോര്പറേഷന് അപേക്ഷയും ലഭിച്ചില്ലെന്ന് വിവരാവകാശ രേഖകള്‍ ചൂണ്ടിക്കാട്ടുന്നു.
ബോബിയുടെ മുന്‍ ജീവനക്കാര്‍ തെളിവടക്കം രമേശ് ചെന്നിത്തലയ്ക്കു നല്കിയ പരാതികള്‍ പോലീസിനു കൈമാറിയെങ്കിലും അന്വേഷണം ഉണ്ടായില്ല. 2014 ജൂണ്‍ 11ന് ചീഫ് വിപ്പായിരുന്ന പി.സി. ജോര്‍ജും പരാതി നല്‍കിയിരുന്നു. സ്ത്രീയെ ആക്രമിക്കുന്നതിന്റെ സിഡിയടക്കം മുന്‍ ജീവനക്കാര്‍ നല്കിയ പരാതിയാണ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു പി.സി. ജോര്‍ജ് കൈമാറിയത്. ബോബിയുടെ ധനകാര്യ സ്ഥാപനത്തില്‍ 38 ശതമാനമാണു വാര്‍ഷിക പലിശയെന്നും റിസര്‍വ് ബാങ്കിന്റെ ചട്ടങ്ങള്‍ ലംഘിച്ച് സ്വര്‍ണക്കടയുടെ ജീവനക്കാരെ ഉപയോഗിച്ചു വന്‍ ലാഭം വാഗ്ദാനം ചെയ്തു കോടികളുടെ നിക്ഷേപം അനധികൃതമായി സ്വീകരിക്കുന്നെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. അന്വേഷണം വന്നപ്പോള്‍ ബാലന്‍സ് ഷീറ്റ് തിരുത്തിയെന്നും പരാതിയില്‍ തെളിവടക്കം വ്യക്തമാക്കിയെങ്കിലും ഒന്നുമുണ്ടായില്ല.
ബോബി പത്മ അവാര്‍ഡുകളില്‍ ഏതെങ്കിലും സ്വന്തമാക്കാനും സര്‍ക്കാരിനെ സ്വാധീനിച്ചു പാഠപുസ്തകത്തില്‍ സ്വന്തം ജീവിതത്തെക്കുറിച്ചുള്ള ഭാഗം ഉള്‍പ്പെടുത്താനും ഇയാള്‍ ശ്രമിച്ചെന്നു മുന്‍ ജീവനക്കാരുടെ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. മര്‍ദനമേറ്റു രക്തമൊഴുകുന്ന നിലയില്‍ തന്നെയും മറ്റുള്ളവരെയും നശിപ്പിച്ചതിനെക്കുറിച്ചു അലറിക്കരഞ്ഞു ചോദിക്കുന്നതിനെക്കുറിച്ചുള്ള വീഡിയോ പുറത്തുവരാതിരിക്കാന്‍ ബോബി ഏറെ ശ്രമിച്ചെന്നും വിവരാവകാശ പ്രവര്ത്തകന് ജോയ് കൈതാരത്തെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും പറയുന്നു. ജോയ് കൈതാരത്തിനെതിരേ കള്ളക്കേസുകളും നല്കി.
ബോബിയുടെയും ഗുണ്ടകളുടെയും പീഡനത്തിന് ഇരയായി മനം മടുത്തവരുടെയും ആത്മഹത്യ ചെയ്തയാളുടെയും വിവരങ്ങളും വാരികയുടെ റിപ്പോര്‍ട്ടില്‍ അക്കമിട്ടു നിരത്തുന്നു. കോഴിക്കോട് ഉണ്ണികുളം സ്വദേശി ഭാസ്കരന്റെ കഥ ഇത്തരത്തിലൊന്നാണ്. ഈ കേസ് ഇപ്പോഴുമുണ്ട്. ആക്രമണം സഹിക്കാന്‍ കഴിയാതെ മലപ്പുറം തിരൂരില്‍ ഇസ്മായില്‍ എന്നയാള്‍ ആത്മഹൂതി ചെയ്തതു നാടിനെ നടുക്കി. ഇസ്മായീലിന്റെ മരണത്തിനുശേഷം പണയഭൂമി തിരിച്ചുനല്‍കി ബോബി രക്ഷപ്പെട്ടു. ഭാസ്കരനെതിരായ കേസ് കോടതിയില്‍ തോറ്റതോടെ പറമ്പിലെ വാഴകളും മരങ്ങളും വെട്ടിമാറ്റിയാണു പക തീര്‍ത്തതെന്നും പറയുന്നു. ഭാസ്കരന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് കോടതിയിലാണ്.
തേയില വില്പനയുടെ മറവില്‍ കേരള ലോട്ടറി മോഡിലില്‍ നറുക്കെടുപ്പു നടത്തുന്നതിനെതിരേ വയനാട് ജില്ല ഡെപ്യൂട്ടി ലോട്ടറി ഡയറക്ടറുടെ പരാതിയില്‍ മേപ്പാടി പോലീസ് 2024 മേയ് എട്ടിനു കേസെടുത്തു. സംസ്ഥാന ഭാഗ്യക്കുറിയുടെ കൂപ്പണുകള്‍ ചേര്‍ത്ത് അമിത വിലയീടാക്കിയെന്നാണു പരാതി.
ബോബി ആളുകളെ പണം നല്കി ചേര്‍ത്താണു മലങ്കര ക്രെഡിറ്റ് സൊസൈറ്റിയുടെ നിയന്ത്രണം കൈക്കലാക്കിയതെന്നു പറയുന്നു. ബോബി ബ്രാന്‍ഡ് അംബാസഡറായതോടെ അതിനുള്ള പണവും എടുത്തു. ഇക്കാര്യങ്ങള്‍ 2022 ഒക്ടോബിറല് സഹകരണ സംഘം രജിസ്ട്രാര്്കു തൃശൂര്‍ ജോയിന്റ് രജിസ്ട്രാര്‍ നല്കിയ കത്തില്‍ വ്യക്തമാണ്. 1000 പേരെ അനധികൃതമായി ചേര്‍ത്തെന്നും മലങ്കരയുടെ അംഗങ്ങള്‍ വോട്ടെടുപ്പില്‍ വരാതിരിക്കാന്‍ 250ല്‍ അധികം പേരെ അയോഗ്യരാക്കിയെന്നും ചെമ്മണൂര്‍ ഗ്രൂപ്പിലെ സ്ഥാപനങ്ങള്‍ക്ക് അനധികൃതമായി 100 കോടിയില്‍ അധികം വായ്പ നല്ിയെന്നും പരാതിയുണ്ട്. ഇതിനു വര്‍ഷങ്ങളായി തിരിച്ചടവില്ലെന്നും സമകാലിക മലയാളം വാരികയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.