തൃശൂര്‍: വെടിക്കെട്ട് നിയന്ത്രണത്തിനെതിരേ ഹൈക്കോടതിയില്‍ ഹര്‍ജിയുമായി തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍. കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ ഗസറ്റിലെ വിജ്ഞാപനം റദ്ദാക്കണമെന്നാണ് ആവശ്യം. തിരുവമ്പാടി, പാറമേക്കാവ് വേല വെടിക്കെട്ടിന് അനുമതി നിഷേധിച്ചതിനു പിന്നാലെയാണു നടപടി.
കേന്ദ്ര സര്‍ക്കാരിന്റെ കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡ്രസ്ട്രീസ് വകുപ്പ് ഒക്‌ടോബര്‍ 11ന് പുറത്തിറക്കിയ ഗസറ്റ് വിജ്ഞാപനം റദ്ദാക്കണമെന്നും 2008ലെ എക്‌സ്‌പ്ലോസീവ് നിയമത്തിനു വിരുദ്ധമാണു പുതിയ വിജ്ഞാപനമെന്നും പുതുതായി നിര്‍ദേശിച്ച വ്യവസ്ഥകളും നടപടിക്രമങ്ങളും നിലനില്‍ക്കില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
വെടിക്കെട്ടു സംബന്ധിച്ച നിയമഭേദഗതികള്‍ക്കു പിന്നില്‍ ശിവകാശി ലോബിയാണെന്ന ആരോപണവുമായി നേരത്തേ ഇരുദേവസ്വങ്ങളും രംഗത്തെത്തിയിരുന്നു. വിഷയത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെടണമെന്നും ആവശ്യപ്പെട്ടു. മൂന്നിനും അഞ്ചിനും നടക്കുന്ന വേല ആഘോഷങ്ങളുടെ വെടിക്കെട്ടുകള്‍ക്ക് എഡിഎം പുതിയ വിജ്ഞാപനം ചൂണ്ടിക്കാട്ടി അനുമതി നിഷേധിച്ചതോടെയാണു ദേവസ്വങ്ങള്‍ ആരോപണങ്ങള്‍ക്കു മൂര്‍ച്ച കൂട്ടിയത്. പരമ്പരാഗത വെടിക്കെട്ട് ഒഴിവാക്കി ശിവകാശി ഇനങ്ങള്‍ പൊട്ടിക്കാന്‍ ശിവകാശി ലോബി പണം വാഗ്ദാനം ചെയ്‌തെന്നു പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷും തൃശൂര്‍ പൂരം ഒതുക്കാനുള്ള ടെസ്റ്റ് ഡോസാണിതെന്നു തിരുവമ്പാടി സെക്രട്ടറി കെ. ഗിരീഷ് കുമാറും ആരോപിച്ചു.
സ്‌ഫോടകവസ്തു നിയമവുമായി ബന്ധപ്പെടുത്തി 35 തരം ഭേദഗതികളുമായി ഇറങ്ങിയ അസാധാരണ വിജ്ഞാപനത്തിലെ അഞ്ചു നിയന്ത്രണങ്ങള്‍ പൂരം വെടിക്കെട്ട് നടത്തിപ്പ് അസാധ്യമാക്കുമെന്നു ജനപ്രതിനിധികളും നേരത്തേ വ്യക്തമാക്കിയിരുന്നു. പുതിയ സ്‌ഫോടകവസ്തു നിയമ പ്രകാരം വെടിക്കെട്ട് പുരയും വെടിക്കെട്ട് നടക്കുന്ന സ്ഥലവും തമ്മില്‍ 200 മീറ്റര്‍ അകലമാണ് വേണ്ടത്. എന്നാല്‍ വേല വെടിക്കെട്ട് നടക്കുന്ന സ്ഥലത്ത് ദൂരം 78 മീറ്റര്‍ മാത്രമാണെന്നതാണ് അനുമതി നിഷേധിക്കാനുള്ള പ്രധാന കാരണം.















































