ചെന്നൈ: സ്വത്തു തർക്കത്തിന്റെ പേരിൽ തഞ്ചാവൂരിലെ ബിജെപി നേതാവ് ശരണ്യ(38)യുടെ തല വെട്ടിയ സംഭവത്തിലെ പ്രതികൾ കീഴടങ്ങി. ശരണ്യയുടെ രണ്ടാം ഭർത്താവിന്റെ ആദ്യ ഭാര്യയിലെ മകനും സുഹൃത്തുക്കളുമാണ് മധുര പൊലീസ് സ്റ്റേഷനിലെത്തി കുറ്റം സമ്മതിച്ചത്.
ആദ്യ ഭാര്യയുടെ മക്കൾക്ക് സ്വത്ത് നൽകുന്നത് എതിർത്തതാണു കൊലപാതകത്തിനു കാരണമായത്.സ്വന്തമായി നടത്തുന്ന കട അടച്ച് തിങ്കളാഴ്ച രാത്രി വീട്ടിലേക്കു മടങ്ങുന്നതിനിടെയാണ് ആക്രമണമുണ്ടായത്. അന്വേഷണം തുടങ്ങിയതോടെ പ്രതികൾ കീഴടങ്ങുകയായിരുന്നു.