തൃശൂർ: കാട്ടു പന്നിയുടെ ഇറച്ചി വാങ്ങി കറി വച്ചു കഴിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ യുവാവ് ആത്മഹത്യ ചെയ്ത നിലയിൽ. കാഞ്ഞിരക്കോട് വടക്കൻ വീട്ടിൽ പത്രോസ് മകൻ മിഥുൻ (30) ആണ് തൂങ്ങിമരിച്ചത്. ഓട്ടോറിക്ഷ ഡ്രൈവറും ബിജെപി പ്രവർത്തകനുമാണ് മരിച്ച മിഥുൻ. പൂങ്ങോട് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ ദേശമംഗലത്ത് അനധികൃതമായി വൈദ്യുതി കെണി ഒരുക്കി കാട്ടുപന്നിയെ പിടിച്ചു കൊന്നു മാംസം വില്പന നടത്തിയ ആളിൽനിന്നു ഇറച്ചി വാങ്ങി കറിവച്ചു കഴിച്ച കേസിൽ വനം വകുപ്പ് മിഥുനെ അറസ്റ്റ് ചെയ്തിരുന്നു. ജാമ്യത്തിലിറങ്ങിയശേഷമാണ് മിഥുൻ ആത്മഹത്യ ചെയ്തത്.
കാട്ടുപന്നിയെ വേട്ടയാടിയ കേസിൽ നേരത്ത ദേശമംഗലം പല്ലൂർ കിഴക്കേതിൽ മുഹമ്മദ് മുസ്തഫയെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് കാഞ്ഞിരക്കോട് മാങ്കുളത്തു വീട്ടിൽ ശിവന് (54) ഇറച്ചി നൽകിയെന്നു അറിഞ്ഞത്. ശിവനിൽ നിന്നാണ് മിഥുൻ, മനവളപ്പിൽ മുരളീധരൻ എന്നിവർ ഇറച്ചി വാങ്ങി കറിവച്ച് കഴിച്ചത്. അതേസമയം ശിവനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തപ്പോൾ മിഥുൻ, മുരളീധരൻ എന്നിവർക്കു ജാമ്യം നൽകി.
അതേസമയം വീടിനടുത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മരക്കൊമ്പിൽ തൂങ്ങിയ നിലയിലായിരുന്നു മിഥുന്റെ മൃതദേഹം. വിവരമറിഞ്ഞ് നാട്ടുകാർ തടിച്ചുകൂടി. പോലീസ് എത്തിയെങ്കിലും കലക്ടർ വന്നാലെ മൃതദേഹം താഴെയിറക്കാൻ അനുവദിക്കുകയുള്ളുവെന്ന് നാട്ടുകാർ പറഞ്ഞു. തുടർന്നു സബ് കലക്ടർ എത്തിയ ശേഷമാണ് മൃതദേഹം താഴെ ഇറക്കിയത്. പോലീസ് മേൽ നടപടി സ്വീകരിച്ചു. വനം വകുപ്പ് കസ്റ്റഡിയിലെടുത്ത മൊബൈൽ ഫോൺ വാങ്ങാനായി വ്യാഴാഴ്ച ചെന്നപ്പോൾ ഉദ്യോഗസ്ഥർ മർദിച്ചതായി മിഥുൻ വീട്ടുകാരോട് പറയുകയും ഇതിന്റെ മനോവിഷമത്തിലാണ് മരിച്ചതെന്നും വീട്ടുകാർ പറയുന്നു.