ഷൊർണൂർ: മഞ്ഞക്കാട്ട് തീവണ്ടിതട്ടി പാദമറ്റ യുവാവ് രാത്രിമുഴുവൻ ചികിത്സ കിട്ടാതെ തീവണ്ടിപ്പാളത്തിനരികിൽ കിടന്നു. പാലക്കാട് അത്തിപ്പൊറ്റ സ്വദേശി സുനിലിനാണ് ഗുരുതരമായി പരിക്കേറ്റത്. ചൊവ്വാഴ്ച രാത്രി നിലമ്പൂർ ഭാഗത്തേക്ക് പോകുന്ന തീവണ്ടിയാണ് തട്ടിയതെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു.
ഗുരുതരമായി പരിക്കേറ്റതിനാൽ നടക്കാൻ പോലുമാകാതെ രാവിലെവരെ ഇയാൾ കിടന്നെങ്കിലും വിജനമായ സ്ഥലമായതിനാൽ ആരുമറിഞ്ഞില്ല. രാവിലെ ഇതുവഴിപോയ തീവണ്ടിയിലെ യാത്രക്കാരാണ് പോലീസിന് വിവരം നൽകിയത്. റെയിൽവേ പോലീസെത്തി സുനിലിനെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
പാദത്തിന്റെ ഭാഗം മുറിച്ചുമാറ്റണമെന്നാണ് ആശുപത്രി അധികൃതർ പോലീസിന് നൽകിയിരിക്കുന്ന വിവരം. ഇയാളുടെ ബന്ധുക്കളെ കണ്ടെത്താനായിട്ടില്ലെന്നും പോലീസ് പറഞ്ഞു. മുൻപ്, നെടുങ്ങോട്ടൂർ ഭാഗത്ത് ആനപ്പാപ്പാനായിരുന്നു ഇയാളെന്ന് പോലീസ് പറയുന്നു. പിന്നീട് ഈ ജോലി ഇല്ലാതായതിനെത്തുടർന്ന് മറ്റുതൊഴിലെടുത്ത് കഴിയുകയായിരുന്നു എന്നാണ് പോലീസിന് ലഭിച്ച വിവരം. അപകടമുണ്ടാക്കാനിടയായ സാഹചര്യത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു.

















































