മുംബൈ: വളർത്തുനായയുടെ ആക്രമണത്തിൽനിന്ന് ഓടിരക്ഷപ്പെടുന്നതിനിടെ സമുച്ചയത്തിന്റെ മൂന്നാം നിലയിൽനിന്നു വീണ് ഇലക്ട്രിഷ്യൻ മരിച്ചതിൽ നായയുടെ ഉടമസ്ഥനെതിരെ കേസെടുത്തു. പുണെയിലെ മംഗൾവാർ പേഠ് സ്വദേശിരമേശ് ഗായ്ക്‌വാഡാണ് (45) മരിച്ചത്. നായയുടെ ഉടമസ്ഥനായ സിദ്ധാർഥ് കാംബ്ലെക്കെതിരെയാണു കേസെടുത്തത്. മംഗൾവാർ പേഠിൽനിന്ന് ഒരു കിലോമീറ്റർ അകലെയുള്ള കസബ പേഠിലെ സിദ്ധിവിനായക് ഹൗസിങ് സൊസൈറ്റിയിൽ ഇലക്ട്രിക് വർക്കുമായി ബന്ധപ്പെട്ടാണു രമേശ് എത്തിയത്.
മൂന്നാം നിലയിൽ പണി നടക്കുന്നതിനിടെ നാലാം നിലയിൽനിന്ന് ഒരു ജർമൻ ഷെപ്പേഡ് കടിക്കാനെത്തി. ആക്രമണം ഭയന്ന് ഓടുന്നതിനിടയിലാണു രമേശ് താഴേക്കു വീണത്. തൽക്ഷണം മരിച്ചു. രമേശിന്റെ ഭാര്യയുടെ പരാതിയിലാണു കേസ് രജിസ്റ്റർ ചെയ്തത്.
പുണെ മുനിസിപ്പൽ കോർപറേഷന്റെ ലൈസൻസ് ഇല്ലാതെയാണ് ഉടമസ്ഥനായ കാംബ്ലെ നായയെ വളർത്തിയിരുന്നത്. വളർത്തുമൃഗങ്ങളെ ഫ്ലാറ്റിൽ പരിപാലിക്കുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലും കാംബ്ലെ എടുത്തിരുന്നില്ലെന്ന പൊലീസ് സബ് ഇൻസ്പെക്ടർ സന്തോഷ് ഗോറെ പറഞ്ഞു.


















































