ആലുവ: നമ്പർ പ്ലേറ്റില്ലാത്ത ബൈക്കിൽ പാഞ്ഞ യുവാവിനെ പിടികൂടാനുള്ള പോലീസുകാരന്റെ ശ്രമം വിഫലമായി. ബൈക്കിനെ പിന്തുടർന്ന് പിന്നിൽ പിടിത്തമിട്ട ട്രാഫിക് പോലീസുകാരനെ വലിച്ചിഴച്ചാണ് ബൈക്കുമായി യുവാവ് രക്ഷപ്പെട്ടത്. പ്രതിക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. വെള്ളിയാഴ്ച വൈകീട്ട് ആറു മണിയോടെയാണ് സംഭവം.
ആലുവ പമ്പ് കവലയിൽ വൺവേ തിരിയുന്ന ഭാഗത്ത് ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന സിപിഒ കെ.പി. സെബാസ്റ്റ്യ (48) നെയാണ് ഹെൽമെറ്റ് ധരിച്ചെത്തിയ 20 വയസ്സ് തോന്നിക്കുന്ന യുവാവ് വലിച്ചിഴച്ചത്. പോലീസുകാരന്റെ യൂണിഫോം കീറുകയും ചെയ്തു.മുൻവശത്ത് നമ്പർ പ്ലേറ്റ് കാണാത്തതിനാൽ പോലീസുകാരൻ ബൈക്കിന് കൈകാണിച്ചു. നിർത്താതെ റെയിൽവേ സ്റ്റേഷൻ ഭാഗത്തേക്ക് ബൈക്ക് പോയപ്പോൾ തൊട്ടുപിന്നാലെ വന്ന ബൈക്കിൽ പോലീസുകാരൻ ഈ വാഹനത്തെ പിന്തുടർന്നു.
ഈ സമയത്ത് പിന്നിലും നമ്പറില്ലെന്ന് മനസ്സിലായി. റെയിൽവേ സ്റ്റേഷനുമുൻപിൽ വെച്ച് നമ്പറില്ലാത്ത വാഹനത്തിന്റെ സീറ്റിന് പിന്നിലെ പൈപ്പിൽ പോലീസുകാരൻ പിടിച്ചെങ്കിലും യുവാവ് നിർത്താൻ തയ്യാറായില്ല. തുടർന്ന് പോലീസുകാരനെ വലിച്ചിഴച്ച് പിടിവിടുവിച്ച് ബൈക്ക് മുന്നോട്ടുപോയി. പമ്പ് കവല, റെയിൽവേ സ്റ്റേഷൻ ഭാഗങ്ങളിലെ സിസിടിവികൾ പരിശോധിച്ച് പ്രതിയെ പിടികൂടുന്നതിനുള്ള ശ്രമത്തിലാണ് പോലീസ്. മോഷ്ടിച്ച ബൈക്കാണോ ഇതെന്നും പോലീസ് സംശയിക്കുന്നുണ്ട്.

















































