കൊച്ചി: റാപ്പർ വേടനെതിരെ യുവഡോക്ടറുടെ പീഡന പരാതി. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ ബലാത്സംഗത്തിനാണ് വേടനെതിരെ കേസെടുത്തിരിക്കുന്നത്. 2021 ഓഗസ്റ്റ് മുതൽ 2023 മാർച്ചുവരെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചെന്നു കാണിച്ച് നൽകിയ പരാതിയിൽ തൃക്കാക്കര പോലീസാണ് കേസെടുത്തത്. ഇന്നലെയാണ് യുവതിയുടെ പരാതി ലഭിച്ചതെന്നും കേസെടുത്ത് അന്വേഷണം നടക്കുകയാണെന്നു തൃക്കാക്കര എസിപി പിഎസ് ഷിജു പറഞ്ഞു.
അതേസമയം ഇരുവരും സമൂഹമാധ്യമത്തിലൂടെയാണ് പരിചയപ്പെട്ടത്. കോഴിക്കോട് ഫ്ലാറ്റിലെത്തി ആദ്യം പീഡിപ്പിച്ചെന്നാണ് പരാതി. പിന്നീട് വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചു. ബന്ധത്തിൽനിന്ന് അകന്നതോടെയാണ് യുവതി പരാതി നൽകിയത്. മൊഴി പരിശോധിക്കുകയാണെന്ന് പോലീസ് പറഞ്ഞു.
വേടനെതിരെ ഐപിസി 376 (2) വകുപ്പ് അനുസരിച്ചാണ് കേസ്. ഭാരതീയ ന്യായ് സംഹിത വരുന്നതിനു മുൻപുള്ള സംഭവമായതിനാലാണ് ഈ വകുപ്പ് അനുസരിച്ച് കേസെടുത്തത്. തൃക്കാക്കര സ്റ്റേഷൻ പരിധിയിൽവച്ച് ബലാത്സംഗം നടന്നതിനാലാണ് കൊച്ചിയിൽ കേസെടുത്തത്. തന്നെ പ്രണയം നടിച്ച് ബലാത്സംഗം ചെയ്തശേഷം പിന്നീട് ഒഴിവാക്കിയെന്ന് യുവതിയുടെ മൊഴിയിൽ പറയുന്നു. യുവതിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയശേഷമാണ് പോലീസ് പുലർച്ചെ എഫ്ഐആർ റജിസ്റ്റർ ചെയ്തത്.