ഇസ്‌ലാമാബാദ്: ട്രംപിനെ സുഖിപ്പിക്കാൻ എന്തൊക്കെ ചെയ്തു. സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് നാമനിർദേശം പോലും ചെയ്തിട്ടും യുഎസുമായുള്ള നയതന്ത്ര ബന്ധത്തിൽ തിരിച്ചടി നേരിട്ട് പാക്കിസ്ഥാൻ. ഇന്ത്യ– യുഎസ് വ്യാപാര കരാറിനു പിന്നാലെ തീരുവ 18 ശതമാനമാക്കി കുറച്ചതാണ് നയതന്ത്ര രംഗത്ത് പാക്കിസ്ഥാന് തിരിച്ചടിയായത്. ഇതോടെ തെഹ്‌രീകെ ഇൻസാഫ് പാർട്ടിയും പരിഹാസവുമായി രംഗത്തെത്തിയിട്ടുണ്ട്. യുഎസുമായി മികച്ച ബന്ധം സ്ഥാപിച്ചിട്ടും ഇന്ത്യയേക്കാൾ ഒരു ശതമാനം കൂടുതലാണ് പാക്കിസ്ഥാന് യുഎസ് ഏർപ്പെടുത്തിയ തീരുവ. ഇതോടെ പാക്ക് ഭരണ നേതൃത്വത്തിന് നേർക്ക് കടുത്ത വിമർശനമാണ് പാക്കിസ്ഥാനിനുള്ളിൽ നിന്ന് തന്നെ ഉയരുന്നത്.
ഇതിനു ആക്കം കൂട്ടുന്നതാണ് ഇന്ത്യയും യുഎസും തമ്മിൽ പുതുതായി ഒപ്പുവച്ച വ്യാപാര കരാർ. ഇത് പാക്കിസ്ഥാനിൽ കടുത്ത പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ഇമ്രാൻ ഖാന്റെ പാർട്ടിയായ പാക്കിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് നേതാവായ ഹമദ് അസ്ഹർ നയതന്ത്ര രംഗത്തെ പാക്കിസ്ഥാന്റെ പരാജയത്തെ വിമർശിച്ചും പരിഹസിച്ചും രംഗത്തെത്തി. പാക്ക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും സിഡിഎഫ് അസിം മുനീറും വാഷിങ്ടണിൽ തുടർച്ചയായി സന്ദർശനം നടത്തിയിട്ടും തീരുവ 19 ശതമാനമായി തുടരുന്നതാണ് വിമർശനത്തിന്റെ പ്രധാന കാരണം. ‘ബഹുമാനം വാങ്ങാൻ കഴിയില്ലെന്നും’ പാക്ക് മാധ്യമങ്ങളിൽ വിമർശനം ഉയരുന്നുണ്ട്. ‘സെയിൽസ്മാൻ ഇൻ ചാർജ്’ എന്നാണ് പാക്ക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനെ പാക്ക് സമൂഹമാധ്യമങ്ങളിൽ പരിഹാസ രൂപേണ വിശേഷിപ്പിക്കുന്നത്.

















































