മുംബൈ: ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിൽ മോശം പ്രകടനത്തെ തുടർന്ന് പാക്കിസ്ഥാൻ ടീമംഗങ്ങളെ രൂക്ഷമായി പരിഹസിച്ച മുൻ ക്യാപ്റ്റൻ വസിം അക്രം, അക്ത ഉൾപ്പെടെയുള്ളവർക്കെതിരെ വിമർശനവുമായി ഇന്ത്യയുടെ മുൻ താരം യോഗ്‌രാജ് സിങ്. ടീമംഗങ്ങളെ വെറുതെ കുറ്റപ്പെടുത്താതെ ഏതെങ്കിലും വിധത്തിൽ പാക്കിസ്ഥാൻ ക്രിക്കറ്റിനെ രക്ഷപ്പെടുത്താനാണ് വസിം അക്രം ഉൾപ്പെടെയുള്ളവർ ശ്രമിക്കേണ്ടതെന്ന് യുവരാജ് സിങ്ങിന്റെ പിതാവു കൂടിയായ യോഗ്‍രാജ്. വേണമങ്കിൽ പാക്കിസ്ഥാൻ ടീമിനെ പരിശീലിപ്പിക്കാൻ താൻ തയാറാണെന്നും ഒരു വർഷത്തിനുള്ളിൽ നല്ലൊരു ടീമിനെ വാർത്തെടുക്കാനാകുമെന്നും യോഗ്‍രാജ് അവകാശപ്പെട്ടു.
‘‘വസിം അക്രം കമന്ററി പറഞ്ഞ് പണമുണ്ടാക്കുകയാണ്. ഈ കളിക്കാരെ വെറുതെ കുറ്റപ്പെടുത്താതെ സ്വന്തം രാജ്യത്തേക്ക് മടങ്ങിച്ചെന്ന് അവർക്കായി നല്ല ക്യാംപുകൾ സംഘടിപ്പിക്കൂ. ആർക്കാണ് അടുത്ത ലോകകപ്പിൽ കിരീടം നേടാൻ പാക്കിസ്ഥാൻ ടീമിനെ സഹായിക്കാനാകുക എന്നറിയാൻ എനിക്കു താൽപര്യമുണ്ട്. അതു നടക്കുന്നില്ലെങ്കിൽ രാജിവച്ചോളൂ. പാക്കിസ്ഥാൻ ടീമിനെ പരിശീലിപ്പിക്കാൻ ഞാൻ തയാറാണ്. ഒരു വർഷത്തിനുള്ളിൽ നല്ലൊരു ടീമിനെ വാർത്തെടുത്തു തരാം’ – യോഗ് രാജ് സിങ് പറഞ്ഞു.
‘ഏതൊരു സംഭവത്തിന്റെയും അടിസ്ഥാനം നമ്മുടെ താൽപര്യവും ആവേശവുമാണ്. നിലവിൽ ക്രിക്കറ്റ് അക്കാദമിയിൽ ഞാൻ ഒരു ദിവസം മാത്രം 12 മണിക്കൂറിലധികമാണ് ചെലവഴിക്കുന്നത്. സ്വന്തം രാജ്യത്തിനായി അവസാന തുള്ളി വിയർപ്പു വരെ ചിന്താൻ തയാറാണെങ്കിൽ അതിന്റെ ഫലം തീർച്ചയായും ലഭിക്കും’ – യോഗ്‌രാജ് പറഞ്ഞു.
ഇന്ത്യയ്ക്കെതിരായ മത്സരത്തിൽ തോറ്റതോടെ പാക്കിസ്ഥാൻ ടീം ചാംപ്യൻസ് ട്രോഫിയിൽനിന്ന് സെമി കാണാതെ പുറത്തായതിനു പിന്നാലെ താരങ്ങൾക്കെതിരെ വസിം അക്രം ഉൾപ്പെടെയുള്ളവർ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. ശുഭ്മൻ ഗില്ലിന്റെ വിക്കറ്റെടുത്ത ശേഷം പരിഹാസ്യകരമായ രീതിയിൽ ആഘോഷം നടത്തിയ സ്പിന്നർ അബ്‌റാർ അഹമ്മദിനെ പ്രധാനമായും ഉന്നമിട്ടായിരുന്നു വസിം അക്രത്തിന്റെ വിമർശനം.
‘‘ശുഭ്മൻ ഗില്ലിനെ പുറത്താക്കിയ ആ പന്ത് വളരെ മികച്ചതായിരുന്നു. അത് എനിക്ക് വളരെയധികം ഇഷ്ടമായി. പക്ഷേ ഗില്ലിനെ പുറത്താക്കിയ ശേഷമുള്ള ആഘോഷം ഒട്ടും നല്ലതായി തോന്നിയില്ല. എല്ലാറ്റിനും ഒരു സമയമുണ്ട്. ടീം വിജയത്തിലേക്കു നീങ്ങുമ്പോഴാണെങ്കിൽ നിങ്ങൾക്കത് ധൈര്യമായി ആഘോഷിക്കാം. ടീം വിജയവഴി കാണാതെ ഉഴറി നിൽക്കുന്ന സമയമാണെങ്കിൽ വിക്കറ്റ് ലഭിച്ചാലും കുറച്ചുകൂടി എളിമ കാണിക്കുക. അത് ഇവിടെ സംഭവിച്ചില്ല. ടീം പരാജയത്തിലേക്കു പോകുന്നതിനിടെ ഒരു വിക്കറ്റ് വീഴ്ത്തിയതിനാണോ 5 വിക്കറ്റ് തികച്ചതു പോലുള്ള ആഘോഷം? ഇക്കാര്യം അബ്‌റാറിനു പറഞ്ഞുകൊടുക്കാനും ആരുമില്ല. ആ ആഘോഷമാണ് എല്ലാം നശിപ്പിച്ചതെന്നായിരുന്നു വസിം അക്രത്തിന്റെ വിമർശനം.