അഞ്ചുവയസ്സുകാരി ലിൻസെ കൊച്ചുടുപ്പുമിട്ട് കിലുക്കാംപെട്ടിയായി ഓടിക്കളിച്ചു നടക്കുമ്പോൾ യുഎസിൽ മറ്റൊരിടത്ത് 3 ഭ്രൂണങ്ങൾ നീണ്ടനിദ്രയ്ക്കായി ശീതികരിണിയിലേക്കു കയറുകയായിരുന്നു. 30 വർഷങ്ങൾക്കിപ്പുറം, വിവാഹം കഴിഞ്ഞ ലിൻസെ ഭർത്താവ് ടിം പിർസുമൊത്ത് ആ ഭ്രൂണങ്ങളിലൊന്നിനെ ദത്തെടുത്തു.
കഴിഞ്ഞ ശനിയാഴ്ച ഒരാൺകുഞ്ഞിന്റെ അമ്മയായി: തദിയെസ് ഡാനിയൽ പിർസ് എന്ന ലോകത്തെ ‘ഏറ്റവും പ്രായമുള്ള ശിശു’വിന്റെ അമ്മ. അമേരിക്കൻ ശാസ്ത്രനോവലുകളിൽ നിന്നല്ല, ഇത് നടന്ന സംഭവം; 30 വർഷം മുൻപ് ഐവിഎഫ് ചികിത്സ തേടിയ ലിൻഡ ആർചെഡ് എന്ന അമേരിക്കക്കാരിയുടെ വാത്സല്യപൂർണവും വിചിത്രമെന്നു തോന്നിപ്പിക്കുന്നതുമായ ‘കരുതൽ’ വിസ്മയം.
1994 ൽ സൃഷ്ടിച്ച നാല് ഭ്രൂണങ്ങളിലൊന്നിനെ ലിൻഡയുടെ ഗർഭപാത്രത്തിൽ നിക്ഷേപിച്ച് പെൺകുട്ടി പിന്നിരുന്നു. ശീതീകരിക്കാനേൽപിച്ച ബാക്കി 3 ഭ്രൂണങ്ങൾക്കായി ലിൻഡ വർഷംതോറും ആയിരക്കണക്കിന് ഡോളർ ഫീസ് നൽകി വരുമ്പോഴാണ് ഭ്രൂണം ദത്തെടുക്കൽ ഏജൻസികളിലൊന്ന് അവരുടെ ശേഖരത്തിലേക്ക് ഏറ്റെടുക്കാൻ തയാറായത്.
തുടർന്ന് ലിൻഡ(62)യുടെ മനസ്സിനിണങ്ങിയ ദമ്പതികൾ ഒരു ഭ്രൂണത്തെ ദത്തെടുത്തു. ടെനിസിയിലുള്ള ഐവിഎഫ് ക്ലിനിക്കിലെ ചികിത്സയിലൂടെ ലിൻസെ(35)യ്ക്കും ടിമ്മി(34)നും കുഞ്ഞു പിറന്നപ്പോൾ ചരിത്രനിമിഷവുമായി.